മാധ്യമപ്രവര്‍ത്തക തട്ടിവീഴ്ത്തിയ സിറിയന്‍ ബാലന്‍ ഇന്ന് സൂപ്പര്‍ താരം

ഹംഗറിയില്‍ മാധ്യമപ്രവര്‍ത്തക തട്ടിവീഴ്ത്തിയപ്പോള്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞെന്നു കരുതിയ കുടുംബത്തിന് ഇപ്പോള്‍ തലയുയര്‍ത്തി പിടിക്കാം. മാധ്യമപ്രവര്‍ത്തക കാലുകൊണ്ടു വീഴ്ത്തിയ സിറിയന്‍ ബാലന്‍ സെയ്ദ് അബ്ദെല്‍ മുഹ്‌സെന്‍ അല്‍ഘാദാബാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കുഞ്ഞ് സെയ്ദ് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അവസാനം ഗ്രാനഡയുമായുള്ള റയല്‍ മാഡ്രിഡിന്റെ മല്‍സരം തുടങ്ങുന്നതിനു മുന്‍പ് താരങ്ങളെ മൈതാനത്തേക്കു സ്വീകരിച്ചുകൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ ക്രിസ്റ്റ്യാനോയുടെ കൈപിടിച്ച് സെയ്ദുമുണ്ടായിരുന്നു. സെയ്ദിന്റെ പിതാവ് ഉസാമയും സഹോദരന്‍ മുഹമ്മദും ഗ്യാലറിയില്‍ ആ കാഴ്ച കണ്ട് ആദരണീയരായി ഇരുന്നു.

അഭയാര്‍ഥികള്‍ യൂറോപ്പിലേക്കു പ്രവേശിച്ചു തുടങ്ങിയപ്പോള്‍ ആദ്യ അനുകൂല പ്രതികരണവുമായി എത്തിയത് ബയേണ്‍ മ്യൂണിക്ക് ക്ലബ്ബായിരുന്നു. അഭയാര്‍ഥികള്‍ക്കായി പ്രത്യേക ഫണ്ട് മാറ്റിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് റയല്‍ മാഡ്രിഡ്, ബാഴ്‌സിലോന തുടങ്ങിയ ക്ലബുകളും അഭയാര്‍ഥികള്‍ക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

ഫുട്‌ബോള്‍ പരിശീലകനായ സെയ്ദിന്റെ പിതാവിന് സ്‌പെയിനിലെ മാഡ്രിഡില്‍ ഒരു സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലകനായി ജോലി ലഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് കുടുംബം സ്‌പെയിനിലെത്തിയത്.

Top