മാധ്യമങ്ങള്‍ ജോഡോ യാത്രക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് കെസി വേണുഗോപാല്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് നൂറു ദിവസം പിന്നിട്ടു. മാധ്യമങ്ങള്‍ യാത്രക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും യാത്രയുടെ മുഖ്യസംഘാടകനുമായ കെസി വേണുഗോപാല്‍ പറഞ്ഞു.

യാത്രയെ ദേശീയ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നും കേരളത്തില്‍ പോലും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര എട്ടുസംസ്ഥാനങ്ങള്‍ പിന്നിട്ട് നിലവില്‍ രാജസ്ഥാനിലെ ദൗസയിലാണുള്ളത്. സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ഏറ്റവും വലിയ യജ്ഞമായ ഭാരത് ജോഡോ യാത്ര 2833 കിലോമീറ്റര്‍ പിന്നിട്ടു. ഇനിയുള്ളത് 772 കിലോമീറ്ററാണ്. യുപി, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളില്‍ യാത്ര ചെയ്ത് ജനുവരി 26ന് ശ്രീനഗറില്‍ ഭാരത് ജോഡോ യാത്ര സമാപിക്കും.

കേന്ദ്രസര്‍ക്കാരിനെ ഭയക്കുന്നതുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ യാത്രയ്ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ‘സുമിത്ര മഹാജന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയെക്കുറിച്ച് നല്ലതു പറയാറുണ്ട്. ചില ബിജെപി നേതാക്കളും സ്വകാര്യമായി പറയാറുണ്ട്. പക്ഷേ ആര്‍ക്കും ധൈര്യമില്ലാത്തതുകൊണ്ട് പരസ്യമായി പ്രതികരിക്കുന്നില്ല. ഈ യാത്രയില്‍ തന്നെ ചേരാനാഗ്രഹിച്ച എത്രയോ പേര്‍ അവസാന നിമിഷം ഒഴിഞ്ഞുമാറി. വരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ വന്നാല്‍ ബുദ്ധിമുട്ടാകും എന്നവര്‍ പിന്നീട് അറിയിക്കുകയാണ് ചെയ്തത്. മേധാ പട്കറും രഘുറാം രാജനുമടക്കം വന്നവരെല്ലാം ഭീരുത്വമില്ലാത്തവരാണ്’ അദ്ദേഹം പറഞ്ഞു.

യാത്രയെ തകര്‍ക്കുക എന്നതു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന അജണ്ട, അതിനായി യാത്രയില്‍ പങ്കെടുക്കാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തുകയും വിലക്കുകയും ചെയ്യുന്നുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ നല്ല കവറേജ് നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് കേരളത്തില്‍ പോലും യാത്രക്ക് പ്രാധാന്യം നല്‍കുന്നില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. യാത്രയെ ദേശീയ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളാണ് കുറച്ചെങ്കിലും പ്രാധാന്യം നല്‍കുന്നത് എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 

Top