മാണി രാജിവയ്ക്കും; ജോസഫിനെ ഒപ്പംകൂട്ടി പുറത്തുനിന്ന് പിന്‍തുണയ്ക്കാന്‍ കരുനീക്കം

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം വന്നതോടെ രാജിവയ്ക്കാന്‍ മാണിയുടെ തീരുമാനം. നിയമവകുപ്പ് മാത്രം ഒഴിഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ചിന്താഗതി അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും രാജി ആവശ്യപ്പെട്ട് ഭരണപക്ഷ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നതോടെ ആ നീക്കവും പൊളിയുകയായിരുന്നു.

ധാര്‍മ്മികത കോടതി തന്നെ ചൂണ്ടികാണിച്ചതിനാല്‍ രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരനുമുള്ളത്. അദ്ദേഹം ഇക്കാര്യം ഇതിനകം തന്നെ മാണിയെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും ഘടകകക്ഷി നേതാക്കളും പരിപാടികള്‍ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് തിരിച്ചിരിക്കുകയാണ്.

മാണി മാത്രമായി രാജിവയ്ക്കുമോ അതോ പി.ജെ ജോസഫിനെക്കൂടി രാജിവയ്പിച്ച് പുറത്തുനിന്ന് പിന്‍തുണയ്ക്കുമോ എന്നാണ് ഇനി വ്യക്തമാവാനുള്ളത്.

പി.ജെ ജോസഫ് കൂടി രാജിവച്ച് പുറത്തുനിന്ന് പിന്‍തുണയ്ക്കണമെന്നാണ് മാണിയുടെ ആഗ്രഹമെങ്കിലും ജോസഫ് വിഭാഗം ഇതിന് എതിരാണ്. ധനകാര്യവകുപ്പ് അടക്കം മാണി വഹിച്ച വകുപ്പുകള്‍ ജോസഫിന് കൈമാറണമെന്ന നിലപാടിലാണവര്‍.

എന്നാല്‍ മാണി വിഭാഗത്തിലെ നേതാക്കള്‍ ഈ നിലപാടിന് എതിരാണ്. ഇനി സര്‍ക്കാരിന് അവശേഷിക്കുന്നത് ആറ് മാസമാണെങ്കിലും മാണി വിഭാഗത്തിലെ എംഎല്‍എമാരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്ന നിലപാടിലാണവര്‍.

അതേസമയം ഈ ‘അനുകൂല’ സാഹചര്യം മുന്‍നിര്‍ത്തി യുഡിഎഫ് വിട്ട് ഇടതുപാളയത്തിലേക്ക് പോവാമെന്ന അഭിപ്രായം മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കമുള്ള ജോസഫ് വിഭാഗത്തിനുണ്ട്.

രണ്ട് തീരുമാനമായാലും ജോസഫിന്റെ അന്തിമ തീരുമാനത്തിന് വിട്ടിരിക്കുകയാണവര്‍.

ഒന്‍പത് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ്സ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുനിന്ന് പിന്തുണച്ചാലും സര്‍ക്കാരിനെ സംബന്ധിച്ച് ഭീഷണിയല്ല. എന്നാല്‍ ജോസഫ് വിഭാഗം വിട്ടുപോയാല്‍ കുരുക്കാവും. ജോസഫിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിയും രംഗത്തിറങ്ങിയിട്ടുണ്ട്.

ധനകാര്യവകുപ്പ് പോലുള്ള സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യാനും വരുന്ന മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിക്കാനുമുള്ള ശേഷി കേരള കോണ്‍ഗ്രസ്സിലെ മറ്റാര്‍ക്കും ഇല്ലാത്തതിനാല്‍ ധനകാര്യം കോണ്‍ഗ്രസ്സ് ഏറ്റെടുക്കാനും സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ മുതിര്‍ന്ന നേതാവ് ആര്യാടന് നറുക്ക് വീഴാനും സാധ്യതയുണ്ട്.

അതേസമയം ഹൈക്കോടതിയുടെ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കനത്ത പ്രഹരമായിട്ടുണ്ട്.

മന്ത്രിസഭയില്‍ മാണിയെ സംരക്ഷിച്ച് നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ കൂടിയാണ് ഹൈക്കോടതി പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതമായിരിക്കണമെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ച് വി.എസും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സീസറെന്ന് കോടതി ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന കോടതി പരാമര്‍ശം സമീപകാലത്ത് ഹൈക്കോടതിയില്‍ നിന്ന് ഒരിക്കലും വന്നിട്ടില്ലാത്തതാണെന്ന് നിയമ വിദഗ്ധരും വിലയിരുത്തുന്നുണ്ട്.

അന്‍പത് വര്‍ഷത്തെ നിയമസഭാ ജീവിതത്തിന്റെ പരിസമാപ്തി മാണിയെ സംബന്ധിച്ച് ട്രാജഡിയായി മാറിയിരിക്കുകയാണിപ്പോള്‍.

Top