മാണി നേരത്തെ രാജിവയ്ക്കണമായിരുന്നുവെന്ന്‌ ജോര്‍ജ്; നടക്കുന്നത് മണിയടി രാഷ്ട്രീയം

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ. എം മാണി നേരത്തേ രാജിവയ്ക്കണമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി. സി ജോര്‍ജ്. അന്ന് രാജി വച്ചിരുന്നുവെങ്കില്‍ ഇന്ന് തിരിച്ചു വരാമായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

പാര്‍ട്ടി മണിയടിക്കാരുടെ കൈയ്യിലാണെന്നും മണിയടിക്കാര്‍ പറയുന്നതാണ് നേതാക്കള്‍ കേള്‍ക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. കോഴ വിവാദം പാര്‍ട്ടിയെ ഈ നിലയിലാക്കി. ആരോപണം മൂലം പാര്‍ട്ടിക്ക് കോട്ടം തട്ടി. കേരളാ കോണ്‍ഗ്രസിനെ നടുക്കടലില്‍ തള്ളിയിട്ടത് ആരെന്ന് മാണി വ്യക്തമാക്കണമെന്നും ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ കെ എം മാണി സമയം നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് മാണിയുടെ പാലായിലെ സ്വീകരണസമ്മേളനം ചീഫ് വിപ്പ് പി.സി ജോര്‍ജ് ബഹിഷ്‌ക്കരിച്ചിരുന്നു. ഉന്നതാധികാരസമിതി യോഗത്തില്‍ കോഴക്കാര്യത്തില്‍ വിശദചര്‍ച്ച നടത്തണമെന്നായിരുന്നു ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നിലപാട്. ഈ ആവശ്യം യോഗം തള്ളി. ആവശ്യമെങ്കില്‍ യോഗം പിന്നീട് ചേരാമെന്ന നിലപാടായിരുന്നു അധ്യക്ഷനായ കെ എം മാണിയുടേത്. നിയമസഭാ സമ്മേളനത്തിന് ശേഷം തിരുവനന്തപുരത്ത് നേതൃയോഗം ചേരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്നും മാണി യോഗത്തില്‍ പറഞ്ഞു.

തന്റെ നിലപാടിനോട് യോഗത്തില്‍ യോജിപ്പില്ലെന്ന് വ്യക്തമായതോടെയാണ് സ്വീകരണ സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ ജോര്‍ജ് തീരുമാനിച്ചത്. ദീര്‍ഘമായി യോഗം ചേരാന്‍ തനിക്ക് സമയക്കുറവുണ്ടെന്ന് കെ എം മാണി പറഞ്ഞപ്പോഴാണ് പാര്‍ടിക്കുണ്ടായ അവമതിപ്പും രാജിക്കാര്യവും ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം വിളിക്കണമെന്ന ആവശ്യം ജോര്‍ജ് ഉയര്‍ത്തിയത്.

ബാര്‍ കോഴയിലൂടെ പാര്‍ടി പ്രതിസന്ധിയുടെ നടുക്കടലിലാണെന്ന് ജോര്‍ജ് പൊട്ടിത്തെറിച്ചു. ‘ഒന്നുകില്‍ മുങ്ങിത്താഴാം, അല്ലെങ്കില്‍ കൈപിടിച്ച് നീന്തി കരകയറാം. മക്കളുടെ കാലത്തേക്ക് ഈ പാര്‍ടി കാണുമോ എന്ന് എല്ലാവരും ചിന്തിക്കണം’. ‘ആരെങ്കിലും പറയുന്നത് കേട്ട് എന്നെ കൊല്ലാന്‍ നടക്കുയാണോ എന്ന് മാണിസാര്‍ എന്നോട് ഫോണില്‍ ചോദിച്ചത് ശരിയാണോ. ഞാന്‍ പാര്‍ടിക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. അപ്പോള്‍ അങ്ങനെ പറയുന്നത് ശരിയോ’ തുടങ്ങി കടുത്ത ചോദ്യങ്ങളാണ് ജോര്‍ജ് യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനു മറുപടിയുണ്ടായില്ല. ഇതില്‍ ചൊടിച്ചാണ് പാലായിലെ മാണിയുടെസ്വീകരണം ജോര്‍ജ് ബഹിഷ്‌ക്കരിച്ചത്.

അതേസമയം പി.സി ജോര്‍ജിന്റെ നിലപാടിനെ തള്ളി കേരള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top