മന്ത്രി മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും; സിസിടിവി ദൃശ്യവും രജിസ്റ്ററും പരിശോധിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. ബാര്‍മുതലാളിമാരുടെ ചോദ്യം ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

പ്രത്യേക ചോദ്യാവലി തയ്യാറാക്കിയ ശേഷമായിരിക്കും മാണിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുക. മാണിക്ക് കൊടുത്ത കോഴയില്‍ തന്റെ പത്ത് ലക്ഷം രൂപയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബിജു രമേശ് മൊഴി നല്‍കിയതും ഇതിനെ സാധൂകരിച്ച് അദ്ദേഹത്തിന്റെ സഹായികളടക്കമുള്ളവര്‍ മൊഴി നല്‍കിയതുമാണ് മാണിക്ക് പ്രധാനമായും ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

കോഴയാരോപണം സംബന്ധിച്ച് ബാറുടമകള്‍ നടത്തിയ സംഭാഷണത്തിന്റെ സിഡി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ബാറുടമകളുടെ മൊഴിയും അന്വേഷണ സംഘത്തിന് അനിവാര്യമാണ്.

അതേസമയം ബാര്‍ ഓണേഴ്‌സ് അസേസിയേഷന്‍ ഭാരവാഹികള്‍ തുടര്‍ച്ചയായി മാണിയുമായും അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ളവരുമായും ബന്ധപ്പെട്ടതായി മൊബൈല്‍ ഫോണ്‍ രേഖയില്‍ നിന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. രാത്രി ഒരുമണിക്കും രണ്ടുമണിക്കുമെല്ലാം എന്തിനാണ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ കണ്ടതെന്ന ചോദ്യത്തിനും മാണി മറുപടി നല്‍കേണ്ടിവരും.

മന്ത്രി വസതികളിലെ സിസിടിവി ദൃശ്യങ്ങള്‍, ഗെയിറ്റിലെ സെക്യൂരിറ്റി രജിസ്റ്റര്‍ എന്നിവയും വിജിലന്‍സ് സംഘം പരിശോധിക്കും. ബാര്‍ ഉടമകളില്‍ ചിലരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് ആധികാരികത നല്‍കുന്നുണ്ടെങ്കിലും പണം മന്ത്രിക്ക് കൈമാറുന്നത് സംബന്ധിച്ച ദൃശ്യങ്ങളോ മറ്റ് രേഖകളോ ഇതുവരെ വിജിലന്‍സിന് ലഭിച്ചിട്ടില്ല.

ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ മിനിട്‌സില്‍ ചില ‘നിര്‍ണ്ണായക’വിവരങ്ങള്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളത് കേസിന് ശക്തി പകരുന്ന ഘടകമാണെന്നാണ് അറിയുന്നത്. മാണിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് ബിജു രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതും അന്വേഷണ സംഘത്തെ വെട്ടിലാക്കിയിട്ടുണ്ട്. കോഴയാരോപണത്തില്‍ ഏറെ നിര്‍ണായകമായ ഈ രേഖ പുറത്ത് വരുന്നതോടെ കടുത്ത നടപടി അനിവര്യാമാകുമെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

പണം നല്‍കുന്നതിന് തെളിവു കിട്ടിയില്ലെങ്കിലും മാണി പണം ആവശ്യപ്പെട്ടതായി ശബ്ദരേഖയില്‍ തെളിഞ്ഞാല്‍ തന്നെ അഴിമതി നിരോധന നിയമ പ്രകാരം മാണിക്കെതിരായ കേസ് നിലനില്‍ക്കും. അറസ്റ്റ്‌ ഉള്‍പ്പെടെയുള്ള തുടര്‍ നടപടിക്ക് വിജിലന്‍സിനെ നിര്‍ബന്ധിതമാക്കാനും ഈ നടപടി കാരണമാകും.

ബജറ്റിന് മുന്‍പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിര്‍ണായക ‘തെളിവ്’ബിജു രമേശ് കൈമാറുമെന്നാണ് ലഭിക്കുന്ന സൂചന. മാണിക്കെതിരെ മാത്രമാണൊ അതോ മറ്റ് ഉന്നതര്‍ക്കെതിരെയും തെളിവുകള്‍ വി.എസിന് ബിജു രമേശ് കൈമാറുമൊ എന്നാണ് ഇനി അറിയാനുള്ളത്.

മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന കടുത്ത തീരുമാനം ഇടത് പക്ഷത്തിന് സ്വീകരിക്കേണ്ടി വന്നത് വി.എസും സിപിഐയും എടുത്ത വിട്ടുവീഴ്ചയില്ലാത്ത നീലപാടിനെ തുടര്‍ന്നാണ്. ഇന്ന് സ്വന്തം നാടായ പാലായിലെ പൊതു പരിപാടി മാണിക്ക് റദ്ദാക്കേണ്ടി വന്നതും പ്രതിപക്ഷ പ്രതിഷേധം ഭയന്നാണ്.

ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാലും വിജിലന്‍സ് ചോദ്യം ചെയ്താലും മന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത മാണിക്ക് നഷ്ടപ്പെടും. വിജിലന്‍സ് ചോദ്യം ചെയ്താല്‍ രാജിവക്കേണ്ടി വരുമെന്ന് പി.സി ജോര്‍ജ് തുറന്നടിച്ചതും ഈ കുരുക്ക് മുന്നില്‍ കണ്ടാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായ വ്യക്തി എത്ര ഉന്നതനാണെങ്കിലും ചോദ്യം ചെയ്യലിനും തുടര്‍ നടപടിക്കും വിധേയരാകേണ്ടി വരുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.

Top