മാണിയെ മര്യാദ പഠിപ്പിച്ചത് കരുണാകരന്‍; മാണി ഭീഷണിയില്‍ ഉലഞ്ഞ് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യുഡിഎഫിലെ പാര്‍ട്ടി പ്രതിനിധി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന കെ.എം മാണിയുടെ ആവശ്യത്തില്‍ ആടിയുലഞ്ഞ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റി യുഡിഎഫില്‍ നിലനിര്‍ത്തുക എന്ന ആവശ്യംപോലും മാണിയെകൊണ്ട് അംഗീകരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞിട്ടില്ല. പി.സി ജോര്‍ജ് സെക്യുലര്‍ കേരള കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നതിനെയും മാണി ശക്തമായി എതിര്‍ക്കുകയാണ്.

ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയം കൊള്ളുന്ന സെക്യുലര്‍ കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിലനിര്‍ത്തുക എന്ന ഫോര്‍മുലയും മാണി അംഗീകരിച്ചിട്ടില്ല.

1993ല്‍ സമാനമായ രീതിയില്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായപ്പോള്‍ മാണിയെ മൂലക്കിരുത്തിയത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ്. മന്ത്രിയായിരുന്ന ടി.എം. ജേക്കബ്, എംഎല്‍എമാരായിരുന്ന ജോണി നെല്ലൂര്‍, പി.എം മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവരെ 1993ല്‍ മാണി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

യുഡിഎഫില്‍ അവരെ നിലനിറുത്താന്‍ പറ്റില്ലെന്ന് മാണി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ അത് തള്ളിക്കളഞ്ഞു. അവര്‍ യുഡിഎഫിന്റെ ഭാഗമായി തുടര്‍ന്നു.

കോണ്‍ഗ്രസിനു ഭീഷണിയാകുമ്പോള്‍ കേരള കോണ്‍ഗ്രസിനെ തന്ത്രപരമായി പിളര്‍ത്തുകയും പിളരുന്ന വിഭാഗത്തിന് യുഡിഎഫില്‍ അംഗത്വം നല്‍കുന്ന തന്ത്രമായിരുന്നു കരുണാകരന്‍ പയറ്റിയത്. അതിനാല്‍ ഒരിക്കല്‍പോലും മാണിക്ക് കോണ്‍ഗ്രസിനെതിരെ ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്കുപോലും അവകാശവാദം ഉയര്‍ത്തിയാണ് മാണി വിറപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ മാറ്റി ഇടത് പിന്‍തുണയോടെ മുഖ്യമന്ത്രിയാകാനുള്ള കളിയും മാണി കളിച്ചിരുന്നു.

Top