മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പെട്ട കെ എം മാണി രാജി വെയ്ക്കണമെന്നും കൈക്കൂലി വാങ്ങിയ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വിശ്വസനീയമായ ഒരു അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 12 ന് സിപിഐ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. പ്രത്യക്ഷമായി കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ എം മാണിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള ഏര്‍പ്പാടുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം. യുഡിഎഫ് കോഴമുന്നണിയായി മാറിയെന്നും ധനകാര്യവകുപ്പ് കുത്തഴിഞ്ഞതായും മാണിയെ ഇടതുമുന്നണിയിലേക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനം കോഴയില്‍ പെട്ടു ആകെ തകര്‍ന്നിരിക്കുകയാണ്. കോഴ ആരോപണത്തെക്കുറിച്ച് വിശ്വാസ്യയോഗ്യമായ സമഗ്രമായ അന്വേഷണമാണ് വേണ്ടത്. ഭരിക്കുന്ന ഗവണ്‍മെന്റിന് അഴിമതി തടയണമെന്ന് ആഗ്രഹമില്ല. അതുകൊണ്ട് തന്നെ ജനകീയ പ്രസ്ഥാനം വളര്‍ന്നുവരണം. അതിന് ഇടതുപക്ഷം നേതൃത്വം നല്‍കണം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് ഇതെന്നും എന്നാല്‍ യോജിച്ച് നില്‍ക്കുന്ന കാര്യത്തില്‍ വീഴ്ച വന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സദാചാരപോലീസ് കളിക്കുകയാണ്. മുസഌംലീഗ് അനാചാര പോലിസും ചമയുന്നു. സദാചാരപോലീസും അനാചാരപ്പോലീസും കൊച്ചിയില്‍ ഒരുമിച്ചു കൂടിയതാണ് കൊച്ചിയിലെ പ്രശ്‌നമെന്നും സംസ്ഥാന പോലീസ് ബിജെപിയുടേയും തീവ്രവാദികളുടേയും ആജ്ഞാനുവര്‍ത്തിയായി മാറിയിരിക്കുകയാണ്. സ്വതന്ത്രമായി ഒരു പ്രതിഷേധം നടത്താന്‍ ഇവിടെ ആര്‍ക്കും സ്വാതന്ത്ര്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Top