മന്ത്രി മാണിക്ക് പിളളയുടെ ഗതിവരുമോ ? ബാര്‍ കേസില്‍ വി.എസ്‌ രണ്ടും കല്‍പ്പിച്ച്

തിരുവനന്തപുരം: അഴിമതിക്കേസില്‍ മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയെ ജയിലടപ്പിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കക്ഷിചേരുന്നു.

ബാര്‍ കോഴയില്‍ മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തള്ളാനുള്ള സര്‍ക്കാര്‍ നീക്കമാണ് വി.എസിന്റെ ഇടപെടലില്‍ പൊളിയുന്നത്.

ഇടമലയാര്‍ കേസില്‍ ഹൈക്കോടതി കുറ്റാക്കാരനല്ലെന്നു കണ്ടെത്തിയ ബാലകൃഷ്ണപിള്ളക്കാണ് സുപ്രീം കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെ വി.എസ് തടവുശിക്ഷ വാങ്ങിക്കൊടുത്തത്. അഴിമതിക്കേസില്‍ ശക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിയായിരുന്നു ബാലകൃഷ്ണപിള്ള.

മാണിക്കെതിരായ കേസില്‍ കക്ഷിചേരാനുള്ള വി.എസിന്റെ നീക്കം സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുകയാണ്. മാണിക്കെതിരായ ബാര്‍കോഴ കേസ് തള്ളരുതെന്നാവശ്യപ്പെട്ടാണ് വി.എസ് കക്ഷി ചേരുന്നത്.

മാണിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി മുഴുവന്‍ രേഖകകളും ഹാജരാക്കാന്‍ ഉത്തരവിട്ടത് വി.എസിന്റെ വാദത്തിന് ശക്തി പകരുന്നതാണ്.

വിജലന്‍സ് ഡയറക്ടറുടെ കുറിപ്പ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കുമ്പോള്‍ തന്റെ വാദം അഭിഭാഷകന്‍ മുഖാന്തരം വി.എസ് കോടതിയെ അറിയിക്കും.

മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം മാണിയുടെ പാലായിലെ വീട്ടില്‍ രണ്ട് തവണയും തിരുവനന്തപുരത്തെ വീട്ടില്‍ ഒരു തവണയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പോയതിനും നിയമ നടപടികള്‍ക്കെന്ന പേരില്‍ 35 ലക്ഷം രൂപ അസോസിയേഷന്‍ പിരിച്ചെടുത്തതിനും തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സാഹചര്യതെളിവുകള്‍ മാണിക്ക് അനുകൂലമല്ലാത്തതിനാല്‍ കോടതിയുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. കേസില്‍ വി.എസ്. കക്ഷി ചേരുന്നതോടെ നടപടികള്‍ അവസാനിപ്പിക്കുക എളുപ്പമാകില്ല. മാത്രമല്ല, കേസിലെ പരാതിക്കാരനായ ബിജു രമേശിന്റെ ഹരജിയും കോടതിയുടെ പരിഗണയിലുണ്ട്.

Top