ബാബുവും ബാര്‍ കോഴ കേസില്‍ പ്രതിയാകും; നിര്‍ണായകമാകുക റസീഫ് നല്‍കുന്ന മൊഴി

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് സംഘം ഉടന്‍ ചോദ്യം ചെയ്യും.

മന്ത്രിക്ക് താന്‍ അന്‍പത് ലക്ഷം രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാബുവിന്റെ മൊഴി എടുക്കുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി കെഎം മാണിയെ കോവളത്ത് വച്ച് വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

ബാബുവിന് നല്‍കാന്‍ ബിജു രമേശ് 50 ലക്ഷം ബാഗില്‍ വച്ചതും ബാഗ് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറാന്‍ മന്ത്രി നിര്‍ദേശിച്ചതും കണ്ടെന്ന കേരള വാണിജ്യ- വ്യവസായ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് എം റസീഫിന്റെ ആരോപണത്തിന്റെ പശ്ചത്തലത്തില്‍ ഇദ്ദേഹത്തിന്റെ മൊഴി എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന.

പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആരോപണം റസീഫ് ആവര്‍ത്തിച്ചതാണ് മൊഴി എടുക്കാന്‍ വിജിലന്‍സിനെ ഇപ്പോള്‍ നിര്‍ബന്ധിതമാക്കിയിട്ടുള്ളത്.

ബാറിന്റെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയാക്കാന്‍ മന്ത്രി ബാബു 10 കോടി കോഴ ചോദിച്ചെന്നാണ് ബിജു രമേശ് മൊഴി നല്‍കിയിരുന്നത്.

വൈകിട്ട് 7.30ന് അതില്‍ 50 ലക്ഷം മന്ത്രിയുടെ ചേംബര്‍ ഓഫീസില്‍ നല്‍കിയതിന് റസീഫ് സാക്ഷിയാണെന്ന് മൊഴിയില്‍ ബിജു രമേശ് വ്യക്തമാക്കിയിരുന്നു.

2013 മെയ് മാസത്തിലാണ് മന്ത്രി ബാബുവിന്റെ ചേംബറിലേക്ക് ബിജുവിനൊപ്പം പോയതെന്നാണ് പൊലീസ് സംരക്ഷണ ഹര്‍ജിയില്‍ റസീഫ് ഹൈക്കോടതി മുന്‍പാകെ ബോധിപ്പിച്ചിരിക്കുന്നത്.

ബിജു രമേശിനും ജനറല്‍ മാനേജര്‍ രാധാകൃഷണനുമൊപ്പം KL. 1AV1 ഇന്നോവ കാറിലാണ് മന്ത്രിയെ കാണാന്‍ പോയതെന്നും എട്ടുമണിയോടെ അവിടെ എത്തിയപ്പോള്‍ മന്ത്രിയുടെ ചേംബറിന് മുന്നില്‍ ചില ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉണ്ടായിരുന്നെന്നുമാണ് റസീഫിന്റെ വാദം.

ബാര്‍ കോഴ കേസില്‍ ഏറെ നിര്‍ണായകമാവുന്ന റസീഫിന്റെ ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹം പറയുന്ന സമയത്ത് റസീഫിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സെക്രട്ടറിയേറ്റ് പരിസരം തന്നെയാണോ എന്നത് സംബന്ധിച്ച് വിജിലന്‍സ് പരിശോധന നടത്തുമെന്ന് ഉന്നത വിജിലന്‍സ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മന്ത്രി കെ ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുമെന്നാണ് വിജിലന്‍സ് ആസ്ഥാനത്തിന്റെ നിലപാട്.

ഇക്കാര്യത്തിന്‍ വിജിലന്‍സ് പിന്നോട്ട് പോയാല്‍ വിജിലന്‍സ് കോടതി തന്നെ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്നാണ് നിയമവിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

മന്ത്രി കെ എം മാണിക്ക് പുറമേ മന്ത്രി ബാബുവിനെയും പ്രതിയാക്കേണ്ട സാഹചര്യം സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുക.

പ്രതിയായാല്‍ താന്‍ ഉടന്‍ രാജി വയ്ക്കുമെന്ന് കെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെപിസിസി പ്രസിഡന്റിനോടും വ്യക്തമാക്കിയിട്ടുമുണ്ട്.

അതേ സമയം ബാര്‍ കോഴ കേസില്‍ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന മന്ത്രി കെഎം മാണിയുടെ ഭീഷണിക്ക് മുന്നില്‍ ആഭ്യന്തര വകുപ്പ് വഴങ്ങാത്തത് തന്നെ കുരുക്കാന്‍ കരുക്കള്‍ നീക്കിയ ‘ഉന്നതന്റെ’ പേര് മാണി തുറന്നടിക്കുമെന്ന പേടിയിലാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Top