മാണിക്ക് എല്‍ഡിഎഫ് പിന്തുണ; എതിര്‍പ്പ് വ്യക്തമാക്കി സിപിഐയും കോണ്‍ഗ്രസും

km mani

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ക്കാനുള്ള കേരളകോണ്‍ഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.

കെ.എം.മാണിയും കൂട്ടരും വിശ്വാസവഞ്ചന കാട്ടിയെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. സിപിമ്മിനോട് ഒപ്പം ചേരാനുള്ള തീരുമാനമെടുത്തെങ്കില്‍ ജോസ്.കെ.മാണിയും എംഎല്‍എ മാരും രാജിവയ്ക്കണമെന്നും ജോഷിഫിലിപ്പ് ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കെ.എം. മാണി എല്‍ഡിഎഫുമായി സഹകരിക്കുമെന്നുള്ള വാര്‍ത്ത പുറത്തു വന്നിരുന്നു.കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കിയാണ് എല്‍ഡിഎഫിന്റെ പിന്തുണ സ്വീകരിക്കാന്‍ മാണി തീരുമാനിച്ചത്.

ഇതോടെ, കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി സഖറിയാസ് കുതിരവേലി ഇടതു മുന്നണിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാന്‍ സാധ്യത തെളിഞ്ഞു. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി.ജോര്‍ജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തില്‍ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധിയും പി.സി. ജോര്‍ജിന്റെ പ്രതിനിധിയും വിട്ടുനില്‍ക്കും.

Top