മാണിക്കു പിന്നാലെ ലീഗും കൈവിടുന്നു; ചാണ്ടിയുടെ മുഖ്യമന്ത്രി കസേരക്ക് ഇളക്കം

തിരുവനന്തപുരം: മാണിക്കു പിന്നാലെ ലീഗും ഇടഞ്ഞതോടെ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനം ഇളകുന്നു. കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പ് നേതൃമാറ്റം ഉന്നയിച്ച സാഹചര്യത്തില്‍ യുഡിഎഫ് പ്രമുഖ ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഇടഞ്ഞത് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകുന്നു.

സര്‍ക്കാരിന്റെ നാലാം വര്‍ഷികം പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നും എന്നാല്‍ തന്റെ കാര്യം ഉറപ്പില്ലെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ തന്നെ ഈ അനിശ്ചിതാവസ്ഥയാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിലെ പ്രസ്താവനയുദ്ധത്തിലും ആഭ്യന്തര കലഹത്തിലും കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് യുഡിഎഫിലെ പ്രശ്‌നം പരിഹരിച്ചിട്ടു ജാഥ മതിയെന്ന കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് ഇന്ന് യുഡിഎഫ് യോഗം വിളിക്കാന്‍ നിര്‍ബന്ധിതരായത്.

നേരത്തെ മേഖലാ ജാഥക്കെതിരെ കെ.എം മാണിയാണ് രംഗത്തെത്തിയത്. ഒരു കാരണവശാലും മേഖലാ ജാഥ മാറ്റിവയ്ക്കരുതെന്ന് കെപിസിസി തീരുമാനിച്ചെങ്കിലും മാണിയുടെ പിടിവാശിയില്‍ മധ്യമേഖലാ ജാഥ 27ലേക്കു മാറ്റിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ലീഗിന്റെ ഭീഷണി.

ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ള മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ലീഗിന്റെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ലോകായുക്തയില്‍ അഴിമതി കേസ് നല്‍കിയതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സംരക്ഷകരായി മുന്നണിയില്‍ നിലകൊണ്ട ലീഗ് ഇപ്പോള്‍ അകലുന്ന കാഴ്ചയാണുള്ളത്.

കരിമണല്‍ പ്രശ്‌നത്തില്‍ നേരത്തെ ശത്രുതയിലായിരുന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരനോട് ഇപ്പോള്‍ സൗഹൃദത്തിലാണ് ലീഗ് നേതൃത്വം. ബാര്‍ പൂട്ടിയ നടപടിയില്‍ സുധീരന് പരസ്യപിന്തുണ നല്‍കിയത് ലീഗാണ്. യൂത്ത് ലീഗിന്റെ വര്‍ഗീയതക്കെതിരെയുള്ള സംസ്ഥാന ജാഥ ഉദ്ഘാടനം ചെയ്തതും വി.എം സുധീരനാണ്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലീഗിന്റെ സഹകരണം വേണ്ടപോലെ ഉണ്ടായിരുന്നില്ല. മുമ്പത്തെ ജനസമ്പര്‍ക്കങ്ങളില്‍ മുഖ്യമന്ത്രിക്കൊപ്പം മുഴുവന്‍ സമയവുമുണ്ടായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇത്തവണ ഉദ്ഘാടന ചടങ്ങുകഴിഞ്ഞപ്പോഴേ വേദി വിട്ടു.

ലീഗ് മന്ത്രി പി.കെ അബ്ദുറബ്ബ് കാഴ്ചക്കാരന്റെ റോളിലായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ചുമതലയുണ്ടായിരുന്ന മന്ത്രി മഞ്ഞളാംകുഴി അലി മാത്രമാണ് മുഴുവന്‍ സമയം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും എ.പി അനില്‍കുമാറും മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് സഹായവുമായി ഉണ്ടായിരുന്നത്.

നേതൃമാറ്റ ആവശ്യം ഹൈക്കമാന്റില്‍ ഐ ഗ്രൂപ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ പ്രമുഖ ഘടകകക്ഷികളായ ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും നിലപാട് നിര്‍ണായകമാണ്.

കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് മുമ്പ് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത്. സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉരുത്തിരിയുന്നത്.

Top