മഹീന്ദ്ര ഥാര്‍ സിആര്‍ഡിഐയുടെ പുതിയ പതിപ്പ് വിപണിയിലെത്തി

ഓഫ് റോഡ് മികവ് കൂട്ടുന്ന ലോക്കിങ് റിയര്‍ ഡീഫറന്‍ഷ്യലുമായാണ് മഹീന്ദ്ര ഥാറിന്റെ പുതിയ പതിപ്പിന്റെ വരവ്. ഒരു വീല്‍ ചെളിയിലോ മണലിലോ താഴ്ന്നാലും അതേ ആക്‌സിലുള്ള മറ്റേ വീലിന് കൂടുതല്‍ കറക്കം നല്‍കാന്‍ ഈ സംവിധാനത്തിനു കഴിയും. അതുകൊണ്ടുതന്നെ കുണ്ടും കുഴിയുമൊക്കെ അനായാസം മറികടക്കാനാവും.

നാല് വീല്‍ ഡ്രൈവുള്ള ഥാറിന്റെ സിആര്‍ഡിഐ എന്‍ജിന് കരുത്ത് അല്‍പ്പം കൂട്ടിയിട്ടുണ്ട്. 2.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ഇപ്പോള്‍ 105 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വലാണ് ഗീയര്‍ബോക്‌സ്.

പുതിയ മുന്‍ പിന്‍ ബമ്പറുകള്‍, ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാംപുകള്‍, തടിച്ച വീല്‍ ആര്‍ച്ചുകള്‍, വശങ്ങളില്‍ ചവിട്ട്പടി, പുതിയ റൂഫ് എന്നിവ ബോഡിയിലെ പുതുമകളാണ്. ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഇന്റീരിയറില്‍ സീറ്റ്, ഡാഷ്‌ബോര്‍ഡ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിങ് വീല്‍, ഗീയര്‍ നോബ്, എസി വെന്റ് എന്നിവ നവീകരിച്ചതിനൊപ്പം 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റ്, പൂട്ടി വയ്ക്കാവുന്ന ഗ്ലൗ ബോക്‌സ് എന്നിവയും അധികമായി നല്‍കി. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 8.34 ലക്ഷം രൂപ.

2010 ഡിസംബറിലാണ് മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. ഡിഐ ( ഡയറക്ട് ഇന്‍ജക്ഷന്‍ ), സിആര്‍ഡിഐ എന്‍ജിന്‍ വകഭേദങ്ങളുള്ള ഥാര്‍ പ്രതിവര്‍ഷം 10,000 എണ്ണത്തോളം നിരത്തിലിറങ്ങുന്നുണ്ട്. വില്‍പ്പനയുടെ 70 ശതമാനവും ഡിഐ വകഭേദമാണ്. പുതിയ മാറ്റങ്ങള്‍ ഡിഐ എന്‍ജിന്‍ വകഭേദത്തിനു ലഭ്യമാക്കിയിട്ടില്ല.

ഫെയറി ബ്ലാക്ക് , റെഡ് റേജ് , മിസ്റ്റ് സില്‍വര്‍ , റോക്കി ബീജ് , ഡയമണ്ട് വൈറ്റ് എന്നീ അഞ്ച് നിറങ്ങളില്‍ ഥാര്‍ ലഭ്യമാണ്.

Top