മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യ ചിത്രം; ധോണിക്ക് കോടതിയുടെ വിമര്‍ശനം

ബെംഗളൂരു: മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ചതിന് ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശനം.

പണം മാത്രം ആഗ്രഹിച്ച് പ്രത്യാഘാതത്തെക്കുറിച്ചു ചിന്തിക്കാതെയാണ് ധോണിയെപ്പോലുള്ളവര്‍ സമാന പരസ്യങ്ങളില്‍ അഭിനയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ.എന്‍. വേണുഗോപാല്‍ ഗൗഡയാണ് നിരീക്ഷണം നടത്തിയത്.

ധോണിയെപ്പോലുള്ള ഒരു പ്രശസ്തനായ ക്രിക്കറ്റ് താരം അഭിനയിക്കുന്നതിനു മുമ്പ് ഇത്തരം പരസ്യങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടിയിരുന്നു. ധോണി ഹിന്ദു മതവിശ്വാസികളുടെ ചിന്തകളെ ഹനിക്കുന്ന രീതിയില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, പരസ്യത്തില്‍ ധോണി അഭിനയിച്ചത് പ്രതിഫലം പറ്റിയല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കി ധോണി സത്യാവാങ്മൂലം നല്‍കണമെന്നായിരുന്ന കോടതിയുടെ മറുപടി. വിശദമായ വാദത്തിനായി കേസ് പരിഗണിക്കുന്നതിന് അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി.

2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.

ഹിന്ദു ദൈവത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ധോണി വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹരിമത് ആണ് കോടതിയെ സമീപിച്ചത്.

Top