മഹാരാഷ്ട്രയില്‍ ശിവസേന പിന്തുണ പിന്‍വലിക്കുമെന്ന് കരുതുന്നില്ല: ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിനുള്ള പിന്തുണ ശിവസേന പിന്‍വലിക്കുമെന്ന് കരുതുന്നില്ലെന്ന് ബിജെപി വക്താവ് മാധവ് ഭണ്ഡാരി.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായിട്ടുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സഖ്യം തകരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ചര്‍ച്ച ചെയ്യും.

35 വര്‍ഷത്തെ രാഷ്ട്രീയസഖ്യത്തിനിടെ പലപ്രാവശ്യം പിരിയലിന്റെ വക്കിലെത്തിയിട്ടുള്ള സഖ്യത്തിന് ഇപ്പോഴത്തെ പ്രശ്‌നങ്ങളും തരണം ചെയ്യാനാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ രമ്യതയോടെ പരിഹരിച്ചിട്ടുണ്ട്. സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ശിവസേന അറിയിച്ചത്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍മാത്രമാണ് നിലവിലുള്ളതെന്നും മാധവ് ഭണ്ഡാരി ചൂണ്ടിക്കാണിച്ചു.

അതേസമയം, മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യത്തിനില്ലെന്ന് ബിജെപി ചര്‍ച്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനവിരുദ്ധമാണെന്ന് മാധവ് ഭണ്ഡാരി അറിയിച്ചു. ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Top