മഹാരാഷ്ട്രയില്‍ മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നല്‍കിയിരുന്ന സംവരണം റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസത്തിനും മുസ്ലിംങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം അധിക സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ബീഫ് നിരോധനത്തിന് പിന്നാലെയാണ് മറ്റൊരു വിവാദ നടപടിയിലേക്ക് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഈ രണ്ട് തീരുമാനങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.

കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഓര്‍ഡിനന്‍സ് വഴി സംവരണം ഏല്‍പെടുത്തിയത്. മുസ്ലിംകള്‍ക്ക് അഞ്ച് ശതമാനവും, മറാത്തികള്‍ക്ക് 16ശതമാനവും അധികസംവരണം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

മറാത്തികള്‍ക്ക് എജ്യുക്കേഷണലി ആന്‍ഡ് സോഷ്യലി ബാക്ക് വേഡ് കാറ്റഗറി (ഇഎസ്ബിസി) യിലും മുസ്ലിങ്ങള്‍ക്ക് സ്‌പെഷ്യല്‍ ബാക്ക് വേഡ് ക്ലാസ് വിഭാഗത്തിലുമാണ് ക്വാട്ട നല്‍കിയിരുന്നത്. എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് അധികസംവരണം കോടതി തടഞ്ഞിരുന്നു. മുസ്ലിംകള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ അധികസംവരണം നല്‍കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മറാത്താ സംവരണം ബി.ജെ.പിശിവസേന സര്‍ക്കാര്‍ബില്ലിലൂടെ നിയമസഭയില്‍ പാസാക്കി. സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം സര്‍ക്കാര്‍ നയത്തിന് എതിരാണെന്ന് അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു.

Top