മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് പങ്കജ മുണ്ടെ

മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പരസ്യമായി മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ. താനാണ് യഥാര്‍ത്ഥ ജനകീയ നേതാവെന്നും മുഖ്യമന്ത്രിയാകാന്‍ അനുയോജ്യയെന്നും ജനങ്ങളുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയാകണമെന്നാണെന്നും പങ്കജ വാര്‍ത്താലേഖകരോട് പറഞ്ഞു.

പാര്‍ട്ടി മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചാല്‍ ഉത്തരവാദിത്വത്തോടെ ചുമതല നിറവേറ്റും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന മറ്റ് നേതാക്കള്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചവരാണ് ഇതില്‍ ഏക്‌നാഥ് കട്‌സെ ഒഴികെയുള്ളവര്‍ക്ക് ഭരണ പരിചയമില്ലെന്നും തന്റെ പ്രവര്‍ത്തനത്തെ അമിത്ഷാ അടക്കം പ്രശംസിച്ചിട്ടുണ്ടെന്നും പങ്കജ അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന നേതാക്കളായ നിയമസഭാ പ്രതിപക്ഷ നേതാവ് ഏക്‌നാഥ് കട്‌സെയും നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് വിനോദ് താവ്‌ഡെയും മുഖ്യമന്ത്രിപദത്തിന് ആഗ്രഹം പ്രകടമാക്കിയിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയാകാനില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Top