മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിച്ചേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ ശിവ സേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നു. 25 വര്‍ഷമായുള്ള ഐക്യത്തിന് ഇതോടെ ഭീഷണിയായിരിക്കുകയാണ്. ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള സൂചന.

സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചയില്‍ ശിവസേന നിലപാടില്‍ അയവു വരുത്തില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ശിവസേന നിലപാട് മയപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രസിഡന്റ് അമിത് ഷാ ആഹ്വാനം ചെയ്തിട്ടുണ്ട്.

അഭിമാനം അടിയറ വച്ച് ഞങ്ങള്‍ ഒത്തു തീര്‍പ്പിന് തയ്യാറാവില്ല. പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെയുമായി സീറ്റ് വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഞങ്ങളുടെ അവസാന വാക്ക് ഉദ്ധവ് താക്കറെയാണ്. ശിവ സേന എം.പി സഞ്ജയ് റൗത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിവസേന എന്ന പാര്‍ട്ടി ഒന്നും എടുക്കുന്ന പാര്‍ട്ടിയല്ല. മറിച്ച് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്ന പാര്‍ട്ടിയാണ്. മഹാരാഷ്ട്രയെ ആരെങ്കിലും അപമാനിച്ചാല്‍ നല്ല മറുപടി കിട്ടുമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

ഉദ്ധവ് താക്കറെ ഇന്നലെ അടുത്ത നേതാക്കളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു.യോഗത്തില്‍ സീറ്റ് വിഷയത്തില്‍ ഉദ്ധവ് താക്കറെയുടെ തീരുമാനം അന്തിമമായിരിക്കും എന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.

Top