മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന സഖ്യം വഴി പിരിഞ്ഞു

ബോംബെ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യം വഴി പിരിഞ്ഞു. അവസാന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് 25 വര്‍ഷമായുള്ള സഖ്യം വഴിപിരിയലില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 152 സീറ്റില്‍ മത്സരിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതാണ് സീറ്റു വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. 135 സീറ്റ് വേണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. തുടര്‍ന്ന് ശിവസേനയുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 130 സീറ്റ് എന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് സഖ്യം പിരിഞ്ഞ വിവരം സ്ഥിരീകരിക്കുന്നത്.

തങ്ങളുടെ സീറ്റുകളെടുത്ത് ബി.ജെ.പിക്ക് നല്‍കിയതിനെതിരെ മുന്നണിയിലെ ചെറുകക്ഷികള്‍ രംഗത്തത്തെിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്. ചെറുകക്ഷികളുടെ സീറ്റുകളില്‍ ബിജെപി താല്‍പര്യം പ്രകടിപ്പിച്ചതുമില്ല. ഇതോടെയാണ് ശിവസേനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇനി വഴങ്ങേണ്ടെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാമെന്നും ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ഇരു കക്ഷികളും ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും.

Top