മഹാരാജാസിലെ പഴയ കെ.എസ്.യു നേതാവായ ഉമ ഇനി നിയമസഭയിലേക്ക്

കൊച്ചി: തൃക്കാക്കരയില്‍ റെക്കോഡ് വിജയം കൈവരിച്ച് നിയമസഭയിലേക്കെത്തുന്ന ഉമാ തോമസിന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള പ്രചാരണങ്ങള്‍ പലതായിരുന്നു. പി.ടി. തോമസിന്റെ ഭാര്യ എന്നതുമാത്രമാണ് അവര്‍ക്കുള്ള യോഗ്യത എന്നതായിരുന്നു ഉയർന്നുവന്ന ആരോപണങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പി.ടി.യുടെ മരണം തീര്‍ത്ത അനുകമ്പ നേടുന്നതിനായാണ് ഉമയെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി നിര്‍ത്തുന്നതെന്നും എല്‍.ഡി.എഫ്. ക്യാമ്പുകള്‍ ആരോപിച്ചു. തോമസ് എന്ന പേര് കൂടെ ചേര്‍ക്കുന്നതിനും മുമ്പ് തന്നെ രാഷ്ട്രീയത്തിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ ഉമക്ക് സാധിച്ചട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിലൂടെയാണ് ഉമ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.  1985-ല്‍ ബി എസ് സി സുവോളജി ബിരുദവുമായി മഹാരാജാസിലെ പടിയിറങ്ങുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയം നൽകിയ പാഠങ്ങൾ ഉമക്ക് കൈമുതലായിരുന്നു. കെ.എസ്.യു. വിന്റെ സജീവ പ്രവർത്തകയായിരുന്ന അവർ അതിനിടയില്‍ കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, കോളേജ് വൈസ് ചെയര്‍ പേഴ്‌സണ്‍ എന്നീ നിലകളിലും വിജയിച്ച് മുന്നേറിയിരുന്നു. ഉമ കെ.എസ്.യു.വില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പി.ടി. തോമസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

Top