മലപ്പുറത്ത് മന്ത്രി തട്ടകങ്ങളില്‍ യുഡിഎഫ് ഇല്ല; ശുഭ പ്രതീക്ഷയോടെ ഇടതുമുന്നണി

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗ് മന്ത്രിമാരുടെ തട്ടകത്തില്‍ യു.ഡി.എഫ് സംവിധാനമില്ല. സംസ്ഥാനത്ത് യു.ഡി.എഫ് ഐക്യത്തിനായി ഓടി നടക്കുന്ന നേതാക്കളുടെ നിയോജകമണ്ഡലത്തിലെ പല പഞ്ചായത്തുകളിലും യു.ഡി.എഫ് സംവിധാനം തകര്‍ന്ന് കോണ്‍ഗ്രസും ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. ജില്ലയിലെ 24 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലീഗും കോണ്‍ഗ്രസും ചേരിതിരിഞ്ഞ് മത്സരിക്കുകയാണ്.

പിന്നോക്ക വികസന, ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്റെ മണ്ഡലമായ വണ്ടൂരിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ലീഗ് കോണ്‍ഗ്രസ് ഐക്യമില്ല. കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, പോരൂര്‍, തിരുവാലി പഞ്ചായത്തുകളിലാണ് നേര്‍ക്കു നേര്‍ മത്സരം.

മുസ്ലീം ലീഗ് നേതാവ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളിലും യു.ഡി.എഫ് ഇല്ല. കോണ്‍ഗ്രസ് നേതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് പ്രശ്‌നം. മൂത്തേടം പഞ്ചായത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സൗഹൃദ മത്സരമാണ്. 2005ലും മൂത്തേടത്ത് ലീഗിനെതിരെ മത്സരിച്ച് കോണ്‍ഗ്രസ് തനിച്ച് ഭരണം നേടുകയായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് സംവിധാനത്തില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ തട്ടകമായ പരപ്പനങ്ങാടി നഗരസഭയില്‍ ലീഗിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സി.പി.എമ്മുമായി ചേര്‍ന്ന് മുന്നണിയായാണ് മത്സരം. 10 വര്‍ഷം പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റൂകൂടി ആയിരുന്ന അബ്ദുറബ്ബിന് സ്വന്തം നാട്ടില്‍ യു.ഡി.എഫ് സംവിധാനം ഒരുക്കാനായില്ല. കൊണ്ടോട്ടി നഗരസഭയിലും യു.ഡി.എഫ് സംവിധാനമില്ല.

ജില്ലയില്‍ കോണ്‍ഗ്രസ് – ലീഗ് തര്‍ക്കം പരിഹരിക്കുന്ന കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞിയുടെ നാടായ പോരൂര്‍ പഞ്ചായത്തിലും കോണ്‍ഗ്രസും ലീഗും തമ്മില്‍തല്ലി മത്സരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നടന്ന ജില്ലാ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ ലീഗുമായി പരമാവധി വിട്ടുവീഴ്ച ചെയ്ത് യു.ഡി.എഫ് സംവിധാനം നിലനിര്‍ത്തണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആവശ്യപ്പെട്ടത്. എന്നാല്‍ അര്‍ഹതപ്പെട്ട സീറ്റ് പിടിച്ചുവാങ്ങുകതന്നെ ചെയ്യുമെന്നാണ് മന്ത്രി ആര്യാടന്‍ പറഞ്ഞത്. ആര്യാടന്റെ വാക്കുകള്‍ മുഖവിലക്കെടുത്താണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിന്റെ ആധിപത്യത്തിനെതിരെ നിലകൊണ്ടത്.

അതേസമയം യുഡിഎഫ് ഘടകകക്ഷികള്‍ ചേരിതിരിഞ്ഞ് മത്സരിക്കുന്നതിനാല്‍ ശൂഭ പ്രതീക്ഷയിലാണ് ഇടതുമുന്നണി.

Top