മരണമെത്തും മുന്‍പേ തിരിച്ചടിച്ച് തീരസേന; തകര്‍ത്തത് മുംബൈ മോഡല്‍ ആക്രമണം

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ വന്ന ഭീകരര്‍ സഞ്ചരിച്ച ബോട്ട് തീര സംരക്ഷണ സേന തകര്‍ത്തു. ഒരു മണിക്കൂറോളം പിന്‍തുടര്‍ന്നാണ് ബോട്ട് തകര്‍ത്തത്. നാല് ഭീകരരും സ്‌ഫോടക വസ്തുക്കളും AK47 തോക്കുകള്‍, ആധുനിക രൂപത്തിലുള്ള വയര്‍ലെസ് സെറ്റുകള്‍ എന്നിവയും ബോട്ടില്‍ ഉണ്ടായിരുന്നു. പുതുവര്‍ഷത്തില്‍ മുംബൈ മോഡല്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി.

പുതുവത്സര ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനും ആക്രമിക്കാനുമായി പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്ര തീരങ്ങളില്‍ ശക്തമായ നിരീക്ഷണം കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും നടത്തിയിരുന്നു. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 365 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ വച്ച് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയാണ് ബോട്ട് തകര്‍ത്തത്. മുഴുവന്‍പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടക്കരുതെന്ന് ബോട്ടിലുള്ളവര്‍ക്ക് സേന നിര്‍ദേശം നല്‍കിയെങ്കിലും ഇവര്‍ അതിര്‍ത്തി കടന്ന് മുന്നേറുകയായിരുന്നു. തുടര്‍ന്നാണ് വെടിവെയ്പ് ഉണ്ടായത്. തീര സേനയുടെ ജാഗ്രതയോടെയുള്ള നീക്കമാണ് രാജ്യത്തെ വലിയൊരു ദുരന്തം ഒഴിവാക്കിയത്.

നൂറ് കണക്കിന് പേരുടെ ജീവന്‍ അപഹരിച്ച മുംബൈ ആക്രമണത്തിനും ഇതേ രൂപത്തില്‍ ബോട്ടിലായിരുന്നു അജ്മല്‍ കസബും കൂട്ടാളികളും വന്നിരുന്നത്.

നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top