മാഫിയക്കെതിരെ പിടിമുറുക്കിയപ്പോള്‍ നിശാന്തിനിയുടെ സ്ഥാനവും തെറിച്ചു

കൊച്ചി: സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറും ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍ നിശാന്തിനിയെ സ്ഥലംമാറ്റിയത് ഉന്നത ഇടപെടലിനെ തുടര്‍ന്നെന്ന് ആരോപണം. കൊച്ചിയിലെ മയക്കുമരുന്ന്‌ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ അന്വേഷണം അട്ടിമറിക്കാനാണ് ഡി.സി.പിയെ മാറ്റിയതെന്നാണ് ആരോപണം.

സിനിമാതാരം ഉള്‍പ്പെട്ട മയക്ക് മരുന്ന് കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോയ പൊലീസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് ക്രമസമാധാന ചുമതല വഹിക്കുന്ന നിശാന്തിനിയാണ്.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന്‌ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സിനിമാ താരം ഷൈന്‍ ടോം ചാക്കോ അടക്കം 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ സിനിമ സഹസംവിധായിക ബ്ലസി, മോഡല്‍ രേഷ്മ എന്നിവര്‍ക്ക് മയക്കുമരുന്ന്‌ മാഫിയകളുമായി ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൊലീസ് എത്തുന്നതിന് മുന്‍പ് ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന്‌ കടത്തിയതായ ആരോപണത്തെക്കുറിച്ച് ഒരു ഉന്നതനില്‍ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത സ്ഥാന ചലനം.

കേസന്വേഷണവുമായി ബന്ധപ്പെട്ട് നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ഗോവയില്‍ അന്വേഷണത്തിന് പോയ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ഡിസിപിക്ക് കൈമാറിയിരുന്നത്. നേരത്തെ നഗരത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ സിറ്റി പൊലീസ് നടത്തിയ കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കിയ നിശാന്തിനിയുടെ നേതൃത്വത്തിലാണ് കൊച്ചി ബ്ലാക്‌മെയില്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.

ഇപ്പോഴത്തെ തൃശൂരിലേക്കുള്ള സ്ഥാനചലനം പ്രത്യക്ഷമായി ഒരു നഗരത്തിന്റെ പൂര്‍ണ ചുമതല നല്‍കുന്നതിനാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കൊച്ചിയെ പോലെ ഒരു വന്‍ നഗരത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയെ തൃശൂര്‍ സിറ്റിയെ പോലെ കേരളത്തിലെ ഏറ്റവും ചെറിയ പൊലീസ് പരിധിയിലേക്ക് മാറ്റുന്നത് ശരിയായ നടപടിയല്ലെന്ന് സേനയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ സിറ്റിപൊലീസ് കമ്മീഷണറേക്കാള്‍ അധികാരപരിധി കൂടുതലുള്ളത് റൂറല്‍ എസ്.പിക്കാണ്. തൃശൂര്‍ കമ്മീഷണര്‍ പദവിയും എറണാകുളം ഡി.സി.പി പദവിയും എസ്.പി റാങ്കായതിനാല്‍ ഉദ്യോഗക്കയറ്റമാണ് നല്‍കിയതെന്ന് സര്‍ക്കാരിനും അവകാശപ്പെടാന്‍ പറ്റില്ല.

എറണാകുളം കളക്ടര്‍ രാജമാണിക്യത്തിന്റെ ഭാര്യയാണ് തമിഴ്‌നാട് സ്വദേശിയായ നിശാന്തിനി. തൊടുപുഴ എ.എസ്.പി ആയിരിക്കെ ബാങ്ക് മാനേജരെ മര്‍ദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു.

Top