ഷിബു ബേബി ജോണിന് മുന്നില്‍ ‘തകര്‍ന്ന വിപ്ലവ വീര്യം’ എഡിഎമ്മിന് മുന്നില്‍ സടകുടഞ്ഞെഴുന്നേറ്റു

ഇടുക്കി: നിയമസഭയില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ‘പ്രതിരോധത്തിന്’ മുന്നില്‍ വിപ്ലവവീര്യം നഷ്ടപ്പെട്ട സിപിഐ എംഎല്‍എ ബിജിമോള്‍ എഡിഎമ്മിനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

ബിജിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വരാനാണ് റവന്യൂ ഉദ്യോഗസ്ഥരുടെ തീരുമാനം.

കയ്യേറ്റ വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ കളക്ടറേറ്റിലെയും മറ്റും റവന്യൂ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചിരുന്നു.

നേരത്തെ കളക്ടറുടെ വാഹനം തടഞ്ഞ് ‘ഷോ’ കാണിച്ച ബിജിമോള്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ എഡിഎമ്മിനെതിരെ കയ്യേറ്റമുണ്ടാകില്ലായിരുന്നുവെന്ന നിലപാടിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍.

പൊലീസിന്റെ ഭാഗത്ത് നിന്നും ജാഗ്രതാപരമായ സമീപനമുണ്ടാകാത്തതിലും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള നടപടി നടപ്പാക്കാന്‍ മാത്രമാണ് എഡിഎം സ്ഥലത്തെത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ മുണ്ടക്കയത്തെ ടി.ആര്‍.ആന്റ്.ടി എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് അന്വേഷിക്കാനും രേഖകള്‍ പരിശോധിക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെടല്‍.

ടി.ആര്‍.ആന്റ്.ടി കമ്പനി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി. ശ്രീജിത്താണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഇതുസംബന്ധമായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കെയാണ് ഇപ്പോഴത്തെ നാടകീയ സംഭവങ്ങള്‍.

നിയമസഭയിലുണ്ടായ സംഘര്‍ഷ സമയത്ത് മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ പ്രതികരിക്കാതിരുന്ന് നാണംകെട്ട ബിജിമോള്‍ തന്റെ ഇമേജ് വീണ്ടെടുക്കാന്‍ നടത്തിയ നീക്കമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Top