കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പകരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അദ്ദേഹത്തെ നിയമിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയായി എസ് രത്‌നകുമാറിനെ നിയമിക്കുവാനും യോഗം തീരുമാനിച്ചു.

അതേസമയം കെബിപിഎസ് എംഡിയായി നിയമിതനായ ടോമിന്‍ ജെ. തച്ചങ്കരി സ്ഥാനം ഏറ്റു. ഇന്ന് രാവിലെ കാക്കനാട് കേരളാ ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റിയുടെ ഓഫീസില്‍ എത്തിയാണു സ്ഥാനം ഏറ്റത്. ചെണ്ടമേളത്തോടെയും പൂച്ചെണ്ടുകളുമായും ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായിരുന്ന ടോമിന്‍ ജെ.തച്ചങ്കരിയെ കഴിഞ്ഞ ദിവസമാണു കെബിപിഎസിന്റെ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. പാഠപുസ്തക അച്ചടി പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തീരുമാനം.

എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യമായിരുന്നു കെബിപിഎസിന്റെ എംഡി സ്ഥാനം വഹിച്ചിരുന്നത്. ആശ തോമസിനെ എംഡിയായി നിയമിച്ചിരുന്നെങ്കിലും അവര്‍ ചുമതലയേറ്റെടുത്തിരുന്നില്ല.

അതേസമയം സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനെ വെല്ലുവിളിച്ചിട്ടില്ലെന്ന് തച്ചങ്കരി പറഞ്ഞു. ചട്ടവിരുദ്ധമായി പ്രസ്താവന നടത്തിയിട്ടില്ല. താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

Top