മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി

കല്പറ്റ: മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി. മന്ത്രിയുടെ മുറച്ചെറുക്കന്‍ കൂടിയായ കണിയാമ്പറ്റ ചെറുവടി പരേതനായ അണ്ണന്റെയും ലീലയുടെയും മകന്‍ സി.എ. അനില്‍കുമാറാണ് വരന്‍. ജയലക്ഷ്മിയുടെ തറവാടായ വയനാട് വാളോട് പാലോട്ടു വീടിന്റെ നടുമുറ്റത്തൊരുക്കിയ പന്തലില്‍ വച്ചായിരുന്നു വിവാഹം. പുലര്‍ച്ചെ മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.

9:15നും 10:15നും ഇടയിലായിരുന്നു താലികെട്ടാനുള്ള മഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. 9:33 നായിരുന്നു താലികെട്ടല്‍ ചടങ്ങു നടന്നത്. കുറിച്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. മൂന്നു ദിവസം മുമ്പുമുതല്‍ വിവാഹവുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകള്‍ നടന്നു വരികയായിരുന്നു. ഏഴു വര്‍ഷം മുമ്പ് തീരുമാനിച്ചതായിരുന്നു ജയലക്ഷ്മിയും അനില്‍കുമാറും തമ്മിലുള്ള വിവാഹം. അനില്‍കുമാര്‍ കര്‍ഷകനാണ്

പാലോട്ട് തറവാട്ടിലെ അമ്മിണിയുടേയും കുഞ്ഞാമന്റേയും മകളാണ് ജയലക്ഷ്മി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനന്‍, എംഎല്‍എമാര്‍, എംപിമാര്‍, തുടങ്ങി പ്രമുഖരുടെ നീണ്ട നിരയായിരുന്നു മന്ത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും ഏക വനിതാ മന്ത്രിയുമാണു ജയലക്ഷ്മി. കെ. ആര്‍ ഗൗരിയമ്മയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ് ഇതിനുമുമ്പ് മന്ത്രിയായിരിക്കെ വിവാഹം കഴിച്ചിട്ടുള്ളവര്‍.

Top