മന്ത്രി കെ. ബാബുവിന് പിന്തുണയുമായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവിന് പിന്തുണയുമായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് മന്ത്രി ബാബുവിനെ പ്രതിപക്ഷം ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഇരുവരും മന്ത്രിക്ക് പിന്‍തുണമായി രംഗത്ത് എത്തിയത്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് മറുപടിയുമായാണ് മന്ത്രിയുടെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. കണ്ണൂര്‍ വിമാത്താവളം,വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ പേരിലാണ് മന്ത്രി കെ ബാബുവിനെതിരെ പ്രതിപക്ഷം ആരോപണവുമയി രംഗത്ത് വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരൊക്കെ എതിര്‍ത്താലും വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

Top