മന്ത്രി മാണി ഉടന്‍ രാജി വയ്ക്കും;പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് രാഷ്ട്രീയ ചാണക്യന്‍

തിരുവനന്തപുരം: മന്ത്രി കെ എം മാണി ഉടന്‍ രാജിവയ്ക്കും. രാജി കത്ത് ഉടന്‍ ആദ്ദേഹം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കൈമാറും.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും ടിഎന്‍ പ്രതാപന്‍ എംഎല്‍എയും അടക്കമുള്ളവര്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവരികയും, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഘടക കകക്ഷി നേതാക്കളും മാണി രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് രാജി തീരുമാനം.

മാണി മന്ത്രിസ്ഥാനത്ത് നിന്ന് മാത്രം രാജിവയ്ക്കുമോ അല്ലെങ്കില്‍ പിജെ ജോസഫിനെക്കൂടി രാജിവയ്പ്പിച്ചിട്ട് സര്‍ക്കാരിന് പുറത്തുനിന്നുമാത്രം പിന്തുണ നല്‍കാന്‍ തീരുമാനിക്കുമോ എന്ന കാര്യം മാത്രമേ വ്യക്തമാകാനുള്ളു.

കോണ്‍ഗ്രസ്സിനുള്ളിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായി മാണിയുടെ രാജിക്കുവേണ്ടി മുറവിളി ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ആര്‍എസ്പി, ജനതാദള്‍ (യു), മുസ്ലീംലീഗ് അടക്കമുള്ള ഘടകക്ഷികളും മാണി രാജിവെയ്ക്കണമെന്ന നിലപാടിലാണ്.

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതമായിരിക്കണമെന്നും, മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നുമാണ് ഹൈക്കോടതി ആഞ്ഞടിച്ചിരിക്കുന്നത്.

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രഹരം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യം കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

കേരളാ കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിലും മാണി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

മാണി സ്വമേധയാ രാജിവച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്ന വികാരം ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.

Top