മന്ത്രിമാര്‍ക്ക് മൂക്കുകയറിട്ട് വിഎം സുധീരന്‍; പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുന്നു

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മൂക്കുകയറിട്ട കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഭരണത്തിലും പിടിമുറുക്കുന്നു. പല തലങ്ങളിലും വര്‍ധിക്കുന്ന അഴിമതിക്കെതിരെ ജാഗ്രത വേണമെന്നു കെപിസിസി. മന്ത്രിമാര്‍ ആഴ്ചയില്‍ നാലുദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്നും കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ തീരുമാനമെടുപ്പിച്ചാണ് സുധീരന്‍ ഒരേ സമയം പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുന്നത്. മന്ത്രിമാരുടെ ഓഫിസുകളിലെത്തുന്ന സാധാരണക്കാര്‍ നിരാശരായി മടങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് പറഞ്ഞ സുധീരന്‍ ഈ നീക്കത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ പിന്തുണയും ഉറപ്പിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി സുധീരന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. അതൃപ്തിയോടെയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സുധീരന്റെ നിര്‍ദ്ദേശം അംഗീകരിക്കേണ്ടി വന്നു.

മന്ത്രിമാര്‍ക്കും സര്‍ക്കാരിനും കോണ്‍ഗ്രസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും അഴിമതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമനങ്ങളും മറ്റും നടക്കുന്നതു നേരേ ചൊവ്വേയല്ല. സ്ഥലം മാറ്റത്തില്‍ പൊതു മാനദണ്ഡം ഉണ്ടാകണം. മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവുമാണ് . ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ ഉയര്‍ന്നാല്‍ കോണ്‍ഗ്രസ് അതിനെ ഗൗരവത്തോടെ കാണും.

അധികാരത്തിലിരിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന പരിഗണന പോലും ഉണ്ടാകാതിരിക്കുന്നതു രാഷ്ട്രീയമായ ഇടപെടല്‍ ഇല്ലെന്നതിനു തെളിവാണ്. മന്ത്രിമാരില്‍ ചിലരെങ്കിലും മന്ത്രിസഭാ യോഗത്തിനു വരികയും അതു കഴിഞ്ഞാലുടന്‍ മടങ്ങുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുക്കണം. മന്ത്രിമാരുടെ ഓഫിസുകളിലെത്തുന്ന ചിലര്‍ക്കെങ്കിലും അവിടുത്തെ മനോഭാവത്തെക്കുറിച്ചു പരാതികളുണ്ട്. ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ചിട്ടപ്പെടുത്തണം. ഭരണതലത്തിലും പാര്‍ട്ടി തലത്തിലും ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ച് അതിനെ മറികടക്കണം. കോണ്‍ഗ്രസ് പുനഃസംഘടന ബ്‌ളോക്കുകള്‍ വരെയെങ്കിലും പൂര്‍ത്തീകരിക്കണമെന്നാണു ധാരണ.

വാഴ്‌സിറ്റി നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതു നിയമത്തിലൂടെ പ്രാബല്യത്തില്‍ കൊണ്ടുവരണം. ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നും യു.ഡി.എഫ് മേഖലാ ജാഥകള്‍ നിശ്ചയിച്ച പ്രകാരം നടക്കണമെന്നും ആവശ്യപ്പെട്ട് സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യടി വാങ്ങി.

Top