മദ്യപിച്ചെത്തി; ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

അഹമ്മദാബാദ്: അമിതമായി മദ്യപിച്ചെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകന്‍ ജെയ്മിന്‍ പട്ടേലിനെയും കുടുംബത്തെയും ഗ്രീസിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ് ജെയ്മിന്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ മദ്യ ലഹരിയില്‍ ശരിയായി നടക്കാന്‍ പോലും കഴിയാത്ത വിധമെത്തിയ ജെയ്മിന്‍ പട്ടേലിനെയും ഭാര്യ ഝലകിനെയും മകള്‍ വൈശാലിയെയും വിമാനത്തില്‍ കയറ്റാതെ അധികൃതര്‍ തടയുകയായിരുന്നു. യാത്ര വിലക്കിയ അധികൃതര്‍ക്കു നേരെ ജെയ്മിന്‍ തട്ടികയറിയതായും പരാതിയുണ്ട്.

മദ്യലഹരിയിലായിരുന്ന ജെയ്മിന്‍ വിമാനത്താവളത്തിനുള്ളില്‍ വീല്‍ ചെയറിലിരുന്നാണ് ഇമിഗ്രേഷനും മറ്റു പരിശോധനക്കുമായി എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രതികരിച്ചു. ഗ്രീസില്‍ അവധിക്കാലം ചെലവഴിക്കാനാണ് മകനും കുടുംബവും യാത്രതിരിച്ചത്. മകന് സുഖമില്ലായിരുന്നു. അതിനാല്‍ ഭാര്യ വീട്ടിലേക്ക് തിരികെ വിളിച്ചതിനാലാണ് യാത്ര ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.

Top