മദ്യനയം: ബാറുടമകളുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് ഇല്ല

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തിലെ ഹൈക്കോടതി വിധിക്കെതിരെ ബറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉടനുണ്ടാകില്ല. കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിക്കാതിരുന്നത്.

സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം.കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. ജൂലൈ പത്ത്‌വരെ കോടതി ഇതിനായി സമയമനുവദിച്ചിട്ടുണ്ട്.

ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ബെഞ്ചില്‍ വ്യത്യസ്ത നിരീക്ഷണങ്ങളുണ്ടായിരുന്നു. ബാറുകളെ എന്തിനു തരം തിരിക്കുന്നുവെന്നു ജസ്റ്റീസ് അനില്‍ ആര്‍. ദവെ ചോദിച്ചപ്പോള്‍ മദ്യനയത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടാണു മറ്റൊരു ജഡ്ജിയായ ഗോപാല്‍ഗൗഡ സ്വീകരിച്ചത്.

തുടര്‍ന്ന് ഉച്ചകഴിഞ്ഞു കേസ് വീണ്ടും പരിഗണിച്ചപ്പോഴാണു ബറുടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

Top