മദര്‍തെരേസയെ അപമാനിച്ച മോഹന്‍ ഭാഗവതിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ക്രൈസ്തവ മതത്തിലേക്കു ആളുകളെ പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു മദര്‍ തെരേസയുടെ പ്രധാന ദൗത്യമെന്ന് പറഞ്ഞ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ ശക്തമായി എതിര്‍ത്ത കെജ്‌രിവാള്‍, മദര്‍തെരേസ വിശുദ്ധ ആത്മാവാണെന്നും മദര്‍തെരേസയെ കുറിച്ചുള്ള ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും ആര്‍എസ്എസിനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ തെരേസയോടൊപ്പം ഒരുമിച്ച് ജോലി ചെയ്തിട്ടുള്ള ആളാണ് അരവിന്ദ് കെജ്‌രിവാള്‍.

രാജസ്ഥാനിലെ ഒരു ചടങ്ങിനിടെയാണ് മോഹന്‍ ഭാഗവത് മദര്‍തെരേസയെ അപമാനിച്ച് സംസാരിച്ചത്. പാവങ്ങളെ മദര്‍ സേവിച്ചതിന്റെ മുഖ്യ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നെന്നായിരുന്നു മോഹന്‍ ഭഗവത് ആരോപിച്ചത്.

മദര്‍ തെരേസയുടെ സേവനങ്ങള്‍ നല്ലതായിരിക്കാം, എന്നാല്‍ ഇതിന്റെ പ്രധാന ലക്ഷ്യം ഒന്നുമാത്രമായിരുന്നു. തന്റെ കൂടെയുള്ളവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. ഇവിടെയുള്ള പ്രധാന പ്രശ്‌നം മതപരിവര്‍ത്തനമെന്നതല്ലെന്നും സേവനത്തിന്റെ പേരിലാണ് ഇത്തരമൊരു സംഭവം നടത്തുന്നതെങ്കില്‍ അതൊരു മോശം സേവനമാണെന്നും ഭഗവത് പറഞ്ഞിരുന്നു.

മോഹന്‍ ഭാഗവതിന്റെ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. പരാമര്‍ശം പിന്‍വലിച്ച് മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന് വിവിധ സംഘടനകള്‍ ആവശ്യുപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മോഹന്‍ ഭാഗവതിനെ എതിര്‍ത്ത് അരവിന്ദ് കെജ് രിവാളും രംഗത്തെത്തിയിരിക്കുകയാണ്.

Top