രാഷ്ട്രീയ നേതാക്കള്‍ക്ക് കണ്ടുപഠിക്കാന്‍ മാതൃകയായി ബിജെപി നേതാവിന്റെ മകന്‍

ജയ്പൂര്‍: രാഷ്ട്രീയം ജീവിത മാര്‍ഗമല്ലെന്നും ജോലി ചെയ്താണു ജീവിക്കേണ്ടതെന്നും സ്വന്തം മകനിലൂടെ സന്ദേശം പകരുന്നു രാജസ്ഥാനിലെ ഒരു എംഎല്‍എ.

എട്ടാം ക്ലാസ് പാസായ മകനെ കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്യൂണ്‍ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയ്ക്കു പറഞ്ഞയച്ചത് ബിജെപി എംഎല്‍എ ഹീരാലാല്‍ വര്‍മയാണ്. ടോങ്ക് ജില്ലയില്‍ നിന്നുള്ള എംഎല്‍എയുടെ മകനാണെന്ന പരിവേഷമില്ലാതെ ജോലിക്ക് അഭിമുഖത്തിനെത്തിയ ഹന്‍സ്രാജ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു.

ബിജെപി സ്ഥാനാര്‍ഥിയായി രണ്ടു തവണ എംഎല്‍എ സ്ഥാനം നേടിയയാളാണ് ഹീരാലാല്‍ വര്‍മ. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ബിജെപി നേതാവായപ്പോഴും എംഎല്‍എ സ്ഥാനം നേടിയപ്പോഴും തൊഴിലിന്റെ മഹത്വം മറക്കാതെ മകനെ ജോലിക്കു വിടാനാണ് ഹീരാലാല്‍ തീരുമാനിച്ചത്.

എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ആ യോഗ്യതയ്ക്കുള്ള ജോലിക്കു പോകാന്‍ മകനെ ഉപദേശിച്ചു. രാഷ്ട്രീയത്തിലേക്കു വരുന്നതിനെക്കാള്‍ മകന്‍ ഒരു ജോലിക്കാരനായി കാണാനാണ് ആഗ്രഹമെന്നു ഹീരാലാല്‍ പറയുന്നു.

എംഎല്‍എയുടെ മകനാണെങ്കിലും പഠനത്തില്‍ മിടുക്കനല്ലാത്തതുകൊണ്ടു ഹന്‍സ്രാജ് പത്താം ക്ലാസ് പാസായില്ല. എട്ടാം ക്ലാസ് യോഗ്യതവച്ചു കിട്ടാവുന്ന ജോലികളെല്ലാം അന്വേഷിച്ചു. ഒടുവില്‍, ജയ്പുരിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിയില്‍ പ്രവേശിച്ചു. ശമ്പളം 5000 രൂപ. അച്ഛന്റെ സ്വാധീനം ഉപയോഗിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നുവെങ്കിലും മകന്റെ യോഗ്യതയ്ക്ക് അത് അനുയോജ്യമല്ലെന്നാണു ഹീരാലാലിന്റെ തീരുമാനം. മകനു ജോലിക്കായി ശുപാര്‍ശ പറയാന്‍പോലും ഹീരാലാല്‍ തയ്യാറായതുമില്ല.

മകനെ പ്യൂണ്‍ ജോലിക്കു വിടണോ എന്നു ചോദിച്ചവരോട് അതൊരു പാപമല്ലെന്നായിരുന്നു ഹീരാലാലിന്റെ മറുപടി. സുഖകരമായി ജീവിക്കാന്‍ മകനെ വഴി തെറ്റിച്ചു വിടില്ലെന്നു ഹീരാലാല്‍ പറഞ്ഞതോടെ എല്ലാവരുടെയും നാവടയുന്നു.

Top