മക്കയിലെ ക്രെയിന്‍ അപകടം: മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ജിദ്ദ: മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ നടന്ന ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഏപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. പാലക്കാട് കല്‍മണ്ഡപം മീന നഗര്‍ സ്വദേശി മുഹ്മിനയാണ് മരിച്ചത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 224 ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകുന്നേരമാണ് മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ കനത്ത കാറ്റിലും മഴയിലും അപകടം നടന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച ക്രെയിന്‍ മസ്ജിദുല്‍ ഹറാം പള്ളിക്കുള്ളിലെ മതാഫിലേക്ക്, അതായത് കഅബയെ പ്രദിക്ഷണം വെക്കുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. തീര്‍ഥാടകര്‍ തവാഫ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ക്രെയിന്‍ വീണതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും അപകടത്തില്‍ പെട്ടത്. മക്കയിലെ അല്‍നൂര്‍, ശിശ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പരിക്കേറ്റവരില്‍ ഒമ്പത് ഇന്ത്യക്കാരുള്ളതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ ഡോക്ടര്‍മാരും മറ്റും ഇവരുടെ പരിചരണതിനായി കൂടെയുണ്ട്. മരണപ്പെട്ടവരില്‍ ഏതൊക്കെ രാജ്യക്കാരുണ്ട് എന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴി എത്തിയ എണ്‍പതിനായിരത്തോളം പേരും സ്വകാര്യ ഗ്രൂപ്പിലെതിയ കുറച്ച് തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലാണ്. അത്‌കൊണ്ട് തന്നെ അപകടത്തില്‍ പെട്ട ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. അപകടത്തെ കുറിച്ച് അന്വേഷിക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനും മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.

പ്രാദേശികസമയം അഞ്ചരയോടെയാണ് സംഭവം. വെള്ളിയാഴ്ചയായതിനാല്‍ മക്കയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയിരുന്നു.

Top