മകനെ കുരുക്കുന്നത്‌ വി.എസിനെ പേടിച്ച്; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് വിജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കുന്ന വി.എസിനെ തളക്കാന്‍ അണിയറ നീക്കം.

ഈ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിജിലന്‍സ് തീരുമാനം.

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേദിവസം തന്നെ ഇത്തരമൊരു തീരുമാനമെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുക വഴി തിരഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസ്സും മുന്നണിയും ലക്ഷ്യമിടുന്നത്.

അരുണ്‍കുമാര്‍ തെറ്റുകാരനാണെങ്കില്‍ എത്രയോ മുന്‍പ് തന്നെ സര്‍ക്കാരിന് അനുവാദം കൊടുക്കാമായിരുന്നു. അതു ചെയ്യാതെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിന്റെ തലേദിവസം സര്‍ക്കാര്‍ ഈ സാഹസത്തിന് മുതിര്‍ന്നതാണ് സംശയത്തിനിടനല്‍കുന്നത്.

വി.എസും മകനും ജയിലില്‍ പോയി കിടക്കേണ്ടിവരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പ്രതികരിച്ചതിന്റെ അടുത്തദിവസം തന്നെയാണ് അരുണ്‍കുമാറിനെതിരായ നടപടി പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്.

ഇരുമുന്നണികള്‍ക്കും ബിജെപി-എസ്എന്‍ഡിപിയോഗം സഖ്യത്തിനും നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ ഇളക്കി മറിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടതും വി.എസിന്റെ സാന്നിധ്യവും പ്രസംഗങ്ങളുമായിരുന്നു.

മൈക്രോഫിനാന്‍സ് തട്ടിപ്പും, ബിഫ് വിവാദവുമുയര്‍ത്തി ബിജെപി- എസ്എന്‍ഡിപി യോഗം സഖ്യത്തെയും ബാര്‍ കോഴ കേസില്‍ യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയത് വി.എസിന്റെ ആക്രമണമായിരുന്നു.

ഇപ്പോള്‍ സര്‍ക്കാരിനെ ഏറ്റവും അധികം വെട്ടിലാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് വന്നത് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണെന്നതാണ് യുഡിഎഫ് കേന്ദ്രങ്ങളെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

മാണിയെ വിജിലന്‍സ് പ്രതിയാക്കിയത് വി.എസ് നല്‍കിയ പരാതിയിലായതിനാല്‍ വി.എസിനും മകനുമെതിരെ ‘ബദല്‍’ നടപടികളുണ്ടാവണമെന്ന് മുമ്പ് തന്നെ കേരള കോണ്‍ഗ്രസ്സ് ആഗ്രഹിച്ചിരുന്നെങ്കിലും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് കണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്ന് സാഹസത്തിന് മുതിര്‍ന്നിരുന്നില്ല.

എന്നാല്‍ വേട്ടക്കാരന്റെ വീര്യത്തോടെ മാണിയെ കുറ്റവിമുക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് വി.എസ് കോടതിയില്‍ വാദമുഖങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ മലര്‍ത്തിയടിച്ചതോടെ വി.എസിനെ പ്രതിരോധിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വവും തിരിച്ചറിയുകയായിരുന്നു.

ബിജെപി -എസ്എന്‍ഡിപി യോഗം സഖ്യത്തോടെ സിപിഎമ്മിനെ പിന്‍തുണക്കുന്ന പിന്നോക്ക വിഭാഗങ്ങളില്‍ വന്‍തോതില്‍ ചോര്‍ച്ചയുണ്ടാകുമെന്നും അരുവിക്കര മോഡലില്‍ വിജയം നേടാന്‍ കഴിയുമെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

എന്നാല്‍ അഭിപ്രായ ഭിന്നതകളില്ലാതെ ഒറ്റക്കെട്ടായി വി.എസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അഴിച്ചുവിട്ട ആക്രമണത്തില്‍ യുഡിഎഫും ബിജെപി എസ്എന്‍ഡിപി സഖ്യവും പതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

വി.എസിന്റെ പൊതുയോഗങ്ങളില്‍ കണ്ട ജനക്കൂട്ടം മറ്റൊരു നേതാവിന്റെ യോഗസ്ഥലത്തും കാണാനുണ്ടായിരുന്നില്ല.

മാത്രമല്ല വി.എസ് മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ടും ബീഫ് വിവാദവുമായി ബന്ധപ്പെട്ടുമെല്ലാം ഉയര്‍ത്തിയ പരാമര്‍ശങ്ങളാണ് തിരഞ്ഞെടുപ്പിന്റെ അജണ്ട തന്നെ നിശ്ചയിച്ചിരുന്നത്. ഒടുവില്‍ വന്ന ബാര്‍ കോഴ കേസ് തിരിച്ചടിയും വി.എസിന്റെ ഇടപെടലിന്റെ ഭാഗമായതിനാല്‍ 93 കാരനായ ഈ പോരാളിയുടെ മനസ്സ് തകര്‍ക്കാന്‍ ‘ബ്രഹ്മാസ്ത്രം’ തന്നെ പ്രയോഗിച്ചിരിക്കുകയാണ് യുഡിഎഫ്.

ഏതൊരു മനുഷ്യനും മക്കള്‍ വൈകാരിക പ്രശ്‌നമായതിനാല്‍ അരുണ്‍കുമാറിനെ ജയിലിലടക്കുമെന്ന സൂചന നല്‍കി മാനസികമായി വി.എസിനെ തകര്‍ക്കുകയാണ് ലക്ഷ്യം.

എന്നാല്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിന്‍ കുഴലിന്റെ മുഖത്ത് ചവിട്ടിയ ചരിത്രമുള്ള വി.എസ് ഈ ‘ഉമ്മാക്കി’ കണ്ട് പേടിക്കുമെന്ന് വി.എസ് വിമര്‍ശകരായ രാഷ്ട്രീയ നിരീക്ഷകര്‍ പോലും കരുതുന്നില്ല.

മറിച്ച് പൂര്‍വ്വാധികം ശക്തിയോടെ എതിരാളികളുടെ അടിവേര് പിഴുതെറിയാന്‍ വി.എസിലെ ഇനിയും നഷ്ടപ്പെടാത്ത വിപ്ലവവീര്യം മുന്നിട്ടിറങ്ങുമെന്നുതന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും

Top