മഅദനിയുടെ ഇടക്കാലജാമ്യം ഒരാഴ്ചകൂടി നീട്ടി

ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഇടക്കാലജാമ്യം ഒരാഴ്ചകൂടി നീട്ടി. കേരളത്തില്‍ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജാമ്യകാലാവധി അവസാനിക്കാനിരിക്കെയാണ് മഅ്ദനി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

കഴിഞ്ഞ മാസം 22 ന് മഅ്ദനിയുടെ ജാമ്യം നാലാഴ്ചത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു. പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ നേത്ര ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ലെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നടത്താന്‍ അനുവദിക്കണം. ഇവിടെ നേത്ര ചികിത്സ ഫലപ്രദമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്താതെ തന്നെ രോഗം ഭേദമാക്കാനുള്ള ചികിത്സാ രീതിയും ഇവിടെയുണ്ട്. ബംഗളൂരിലെ സൗഖ്യ ആശുപത്രിയിലെ വിദദ്ധ സംഘമാണ് ഇക്കാര്യം നിര്‍ദേശിച്ചത്. നേരിട്ട് പരിശോധന നടത്താതെ ചികിത്സ സാധ്യമല്ലെന്ന് ശ്രീധരീയം ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Top