മംഗല്‍യാന്‍ ഇന്ന് ചൊവ്വയുടെ സ്വാധീനത്തിലേക്ക്

തിരുവനന്തപുരം: ഇസ്രൊയുടെ സ്വപ്ന ദൗത്യം ഇന്ന് ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുന്നു. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗല്‍യാന്‍ ഇന്നു ചൊവ്വാഗ്രഹത്തിന്റെ സ്ഫിയര്‍ ഒഫ് ഇന്‍ഫ്‌ളുവന്‍സില്‍ കടക്കും. ആകാശഗോളം പ്രാഥമിക ഗുരുത്വാകര്‍ഷണ സ്വാധീനം ചെലുത്തുന്ന പ്രദേശമാണ് സ്ഫിയര്‍ ഓഫ് ഇന്‍ഫ്‌ളുവന്‍സ്. ഈ മേഖലയിലെത്തുന്ന ഏതു വസ്തുവിന്റെയും ഗതിവിഗതികളില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ ഗോളത്തിന്റെ ഗുരുത്വാകര്‍ഷണശേഷിക്കു സാധിക്കും.

സൗരയൂഥ ഗോളങ്ങളില്‍ ഗുരുത്വാകര്‍ഷണ ശക്തി കുറഞ്ഞ ഗ്രഹങ്ങളിലൊന്നാണു ചൊവ്വ. ചൊവ്വയ്ക്കു പോലും റേഡിയസിന്റെ 170 മടങ്ങ് ദൂരത്തോളം ഗുരുത്വാകര്‍ഷണശേഷി ചെലുത്താനാകും. കേന്ദ്രബിന്ദുവില്‍നിന്ന് 5.77 ലക്ഷം കിലോമീറ്റര്‍ ദൂരം വരെ ചൊവ്വയ്ക്ക് ഗുരുത്വാകര്‍ഷണ ശേഷിയുണ്ട്.

ഭൂമിയില്‍ നിന്നു പുറപ്പെട്ട മംഗല്‍യാന്‍ ഒരു മാസം കൊണ്ടാണു ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയത്തില്‍നിന്നു പുറത്തുകടന്നത്. ഇസ്രൊയുടെ പിഎസ്എല്‍വി സി25 റോക്കറ്റില്‍ ഭൂമിയുടെ ഉയര്‍ന്ന ഭ്രമണപഥത്തിലെത്തിയ പേടകം ആറു തവണ ലിക്വിഡ് അപോജി മോട്ടോര്‍ (ലാം) പ്രവര്‍ത്തിപ്പിച്ചാണ് സൗരകേന്ദ്രീകൃത ഭ്രമണപഥത്തിലെത്തിയത്.

ചൊവ്വയുടെ സ്ഫിയര്‍ ഒഫ് ഇന്‍ഫ്‌ളുവന്‍സില്‍ പ്രവേശിക്കുന്നതോടെ മംഗല്‍യാന്‍ വേഗം കുറയ്ക്കുന്നതിനുള്ള തയാറെടുപ്പ് തുടങ്ങും. ഇതിനും ലാം തന്നെയാണ് ഉപയോഗിക്കുന്നത്. മുന്നൂറു ദിവസമായി പ്രവര്‍ത്തിക്കാത്ത ലാം പുനരുജ്ജീവിപ്പിക്കുകയാണ് ഇനി മംഗല്‍യാന് മറികടക്കാനുള്ള അതിസങ്കീര്‍ണമായ ഘട്ടം.

Top