ഭോപ്പാല്‍ ദുരന്തത്തിന് 30 വയസ്: ഇപ്പോഴും കുട്ടികള്‍ ജനിക്കുന്നത് മാരക രോഗങ്ങളുമായി

ഭോപ്പാല്‍: ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തം സംഭവിച്ചിട്ട് 30 വര്‍ഷമായിട്ടും ഇപ്പോഴും ദുരന്തത്തിന്റെ ഇരകള്‍ ഇവിടെ ജീവച്ഛവമായി ജീവിക്കുന്നു.

ദുരന്തത്തിന്റെ ഇരകളായ സംഷദിനും മെമുനയ്ക്കും രണ്ട് വര്‍ഷം മുമ്പാണ് ഒരാണ്‍ കുട്ടി ജനിച്ചത്. ദുരന്തം കഴിഞ്ഞിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച താഹ ഖുറേഷി എന്ന ഈ രണ്ട് വയസുകാരന് ഇപ്പോള്‍ ബ്ലഡ് കാന്‍സറാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ തങ്ങളുടെ മകന് സംഭവിച്ചിരിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം.

‘അസുഖം ഭേദമാകാന്‍ 50 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ മകന്റെ ചികിത്സയ്ക്കായി ഏഴു ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇതുവരെ തന്റെ മകനെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരയായി സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല’. താഹയുടെ മാതാപിതാക്കള്‍ പറഞ്ഞു.

താഹയുടെ രണ്ട് ബന്ധുക്കളും ജനിച്ചത് വൈകല്യങ്ങളുമായിട്ടാണ്. ഇതുപോലെ നിരവധി കുഞ്ഞുങ്ങളാണ് ഇപ്പോഴും മാരക രോഗങ്ങളുമായി ജനിച്ചു വീഴുന്നത്. ജീവച്ഛവം പോലെ കിടക്കുന്നവരും നിരവധിയാണ്.

1984 ഡിസംബര്‍ രണ്ടിന് പാതിരയ്ക്കും മൂന്നിന് പുലര്‍ച്ചെയ്ക്കും ആണ് ആ ദുരന്തം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലുണ്ടായത്.

ബഹുരാഷ്ട്ര കമ്പനിയായിരുന്ന യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലുള്ള കീടനാശിനി ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന മീതൈല്‍ ഐസോ എന്ന വിഷവാതകം ശ്വസിച്ച് മരിച്ചത് മൂവായിരത്തിലേറേ പേരാണ്. എണ്ണായിരത്തിലേറെപ്പേര്‍ക്ക് പിന്നീട് ജീവന്‍ നഷ്ടമായി.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് വൈകല്യങ്ങളുണ്ടായി. രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായുള്ള നിയമയുദ്ധം ഇപ്പോഴും തുടരുകയാണ്.

Top