ഭൂമി ചട്ട ഭേദഗതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കൈവശ ഭൂമിക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ കോണുകളില്‍നിന്നും വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്നാണു ഭേദഗതി പിന്‍വലിക്കുന്നതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. കര്‍ഷകര്‍ക്ക് കൈവശഭൂമി വേണമെന്ന ഉദ്ദ്യേശമല്ലാതെ വേറെ ദുരുദ്ദേശമൊന്നും ഇതുകൊണ്ട് ഇല്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. അടൂര്‍ പ്രകാശ് കൈയേറ്റക്കാരെ സഹായിച്ചു എന്ന് ഒരാളും പറയരുതെന്ന് ആഗ്രഹമുണ്ട്. തെറ്റ് ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുന്നവരോട് നന്ദി മാത്രമേയുള്ളു.

2015 ജൂണ്‍ ഒന്നിന് ഇറക്കിയ ഉത്തരവില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. വിവാദ ഉത്തരവ് കാരണം മൂന്നാര്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ ദുര്‍ബലമാവുമെന്ന വിമര്‍ശനം സര്‍ക്കാര്‍ മാനിക്കുന്നതായും മന്ത്രി പറഞ്ഞു.

കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരാണ് കേരളത്തിലേത്. ഹാരിസണ്‍ മലയാളം അടക്കമുള്ള കുത്തകകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 23,686 പേര്‍ക്ക്‌ പട്ടയം നല്‍കി. അര്‍ഹതയുള്ളവര്‍ക്ക് എല്ലാം പട്ടയം നല്‍കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Top