ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്; രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നാളെ

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധറാലി നാളെ. ഇതിനു മുന്നോടിയായി രാഹുല്‍ ഇന്ന് കര്‍ഷകനേതാക്കളുമായി ചര്‍ച്ച നടത്തും. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇന്നലെ രാഹുല്‍ പങ്കെടുത്തില്ല.

57 ദിവസത്തെ അജ്ഞാത വാസത്തിനു ശേഷം മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകറാലി. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് മോദി സര്‍ക്കാരിനെതിരായി കരുത്തുതെളിയിക്കേണ്ട റാലി കൂടിയാണ് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ നടത്തുന്ന കിസാന്‍ ഖേത് മസ്ദൂര്‍ റാലി.

റാലിക്കു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകപ്രതിനിധികളുമായി രാഹുല്‍ ഗാന്ധി ഇന്നു ചര്‍ച്ച നടത്തും. യുപി, ഹരിയാന, മധ്യപ്രദശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകപ്രതിനിധികളുമായാണ് രാഹുല്‍ ചര്‍ച്ച നടത്തുക. കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗ്, ജയറാം രമേശ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

പ്രതിഷേധ റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള കര്‍ഷകരെ പങ്കെടുപ്പിക്കുന്നതിന് കോണ്‍ഗ്രസ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.അതേസമയം അവധി കഴിഞ്ഞു തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തല്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.

Top