ഭരണം മാറുമോയെന്ന് യുഡിഎഫില്‍ ആശങ്ക; ജേക്കബ് തോമസിനെതിരെ നടപടി ഇല്ല ?

തിരുവനന്തപുരം: പത്രലേഖകര്‍ക്ക് മുന്നില്‍ അനുമതിയില്ലാതെ സംസാരിച്ചതിന് ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും.

ഡിജിപിക്കും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റു ഉദ്യോഗസ്ഥര്‍ക്കും ബാധകമാകാത്ത അച്ചടക്ക ‘ലംഘനം’ ജേക്കബ് തോമസിന് മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അക്കാര്യം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

ജേക്കബ് തോമസിന് വിശദീകരണ നോട്ടീസ് നല്‍കിയ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകള്‍ പത്രക്കാര്‍ക്കു മുന്നില്‍ പലവട്ടം വ്യക്തമാക്കിയിട്ടും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ ചീഫ് സെക്രട്ടറിക്കെതിരെ മന്ത്രിസഭയില്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെയുണ്ടായി. മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടമാണ് വകുപ്പുമന്ത്രിയെ ചൊടിപ്പിച്ചത്.

ജേക്കബ് തോമസ് നല്‍കുന്ന മറുപടിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പല വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരാനുള്ള സാധ്യതയാണ് നിലവില്‍ ഉള്ളത്.

ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് പരാതി ലഭിച്ചിട്ടാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞതിനാല്‍ വിശദീകരണ നോട്ടീസിനുള്ള മറുപടി കിട്ടിയതിനു ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ള നേതാക്കള്‍ക്കുള്ളത്.

മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജേക്കബ് തോമസിനെ പോലെയുള്ള ഉന്നത ഐപിഎസ് ഓഫീസറെ ഉപദ്രവിക്കുന്നത് തീക്കൊള്ളികൊണ്ടുള്ള തലചൊറിച്ചിലാവുമെന്ന ഭീതിയും നേതാക്കള്‍ക്കിടയിലുണ്ട്.

ഭരണതുടര്‍ച്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എസ്എന്‍ഡിപി യോഗം ബിജെപി കൂട്ടുകെട്ട് ക്ലച്ചുപിടിച്ചില്ലെങ്കില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റുമെന്നും ഇടതു ഭരണത്തില്‍ ജേക്കബ് തോമസ് സുപ്രധാനമായ തസ്തികയില്‍ വരുമെന്നുമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നത്.

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ശക്തമായി ജേക്കബ് തോമസിന് വേണ്ടി രംഗത്തുവന്നതാണ് ഈ അനുമാനത്തിന് കാരണം.

അത്തരമൊരു സാഹചര്യത്തില്‍ ജേക്കബ് തോമസ് പിടിമുറുക്കിയാല്‍ യുഡിഎഫ് നേതൃത്വത്തിന് അതിന് വലിയ വില നല്‍കേണ്ടി വരുമെന്നാണ് നേതാക്കളുടെ ഭയം.

പൊതു സമൂഹത്തിനിടയിലും മാധ്യമങ്ങള്‍ക്കിടയിലും ജേക്കബ് തോമസിന് അനുകൂലമായ നിലപാട് ഉണ്ടാകുന്നതും നടപടികളില്‍ നിന്ന് പിന്നോട്ടു പോവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

Top