ഭദ്രയുടെ കോപത്തില്‍ കൊച്ചി നഗരസഭാ ഭരണം പോകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനം സ്വപ്‌നം കണ്ട ഡെപ്യൂട്ടി മേയര്‍ക്ക് മത്സരിക്കാന്‍ സീറ്റ് പോലും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നടത്തിയ പൊട്ടിത്തെറിയില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ഭദ്ര നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് സിപിഎം ശക്തമായ പ്രചരണം അഴിച്ച് വിട്ടതാണ് യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നത്.

മേയര്‍ സ്ഥാനാര്‍ത്ഥിയായി നേരത്തെ പരിഗണനയിലുണ്ടായിരുന്ന മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റും തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതോടെ ഭദ്രയ്ക്ക് നറുക്ക് വീഴുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടല്‍ മൂലം സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് ഭദ്രയുടെ ആരോപണം.

ഗ്രൂപ്പിസത്തിന്റെ ബലിയാടാണ് താനെന്ന് പറഞ്ഞ് നേതൃത്വത്തിനെതിരെ പത്രസമ്മേളനത്തില്‍ പ്രതികരിച്ച ഭദ്രയുടെ നടപടിയെ തള്ളിയും അവരെ
വിമര്‍ശിച്ച്‌ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, ജിസിഡിഎ ചെയര്‍മാനും ഐ ഗ്രൂപ്പ് നേതാവുമായ എന്‍ വേണുഗോപാല്‍, മുന്‍ മേയര്‍ ടോണി ചമ്മണി തുടങ്ങിയവരും ഡിസിസിയും ശക്തമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഭദ്രയുടെ പ്രതികരണം നഗര വോട്ടര്‍മാരെ സ്വാധിനിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വ്യക്തിത്വമില്ലാത്ത നടപടിയാണ് ഭദ്രയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന ടോണി ചമ്മണിയുടെ പ്രതികരണത്തോട് വ്യക്തിത്വത്തെക്കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും ചമ്മണിയുടെ വ്യക്തിത്വം ജനങ്ങള്‍ക്ക് അറിയാമെന്നുമാണ് ഭദ്ര തിരിച്ചടിച്ചത്.

ഗ്രൂപ്പ് തര്‍ക്കം മൂലം ബജറ്റ് അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഒടുവില്‍ കെപിസിസി പ്രസിഡന്റ് ഇടപെട്ടതു കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നുമുള്ള ഭദ്രയുടെ ആരോപണമാണ് ഇടതുമുന്നണിയും ബിജെപിയും പ്രധാന പ്രചരണായുധമാക്കുന്നത്.

വീടുകള്‍ തോറും കയറിയിറങ്ങി വോട്ടര്‍മാരോട് ഭദ്രയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് നിശബ്ദ പ്രചരണമാണ് ഇരുവിഭാഗവും നടത്തുന്നത്.

കൊച്ചിയില്‍ ജി ശങ്കരക്കുറുപ്പിന്റെ സ്മാരകം നിര്‍മ്മിക്കുന്നതിന് റവന്യുമന്ത്രിയായിരുന്നു തടസ്സമെന്നും കലാകാരന്മാരോടും എഴുത്തുകാരോടും യുഡിഎഫ് അനാദരവ് കാട്ടിയെന്നും പറഞ്ഞ ഭദ്ര റിലയന്‍സ് കേബിള്‍ ടെണ്ടറുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമര്‍ശങ്ങളും തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

അതേസമയം, അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഏത് വിധേനയും ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

Top