ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികളുടെ അളവ് അപകടകരമായ വിധം കൂടുതലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനികളുടെ അളവ് അപകടകരമാം വിധം കൂടുതലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജൈവ ഉല്‍പ്പന്നങ്ങളെന്ന ലേബലില്‍ വില്‍ക്കുന്നവയില്‍പ്പോലും കീടനാശികളുടെ സാന്നിധ്യം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

മനുഷ്യന്റെ നാഡീവ്യവസ്ഥയെ തളര്‍ത്തുന്ന ഓര്‍ഗാനോ ഫോസ്‌ഫൈറ്റും കാര്‍ബമേറ്റുമടക്കം കാഴ്ച്ചശക്തിയെ ബാധിക്കുന്നതും ക്യാന്‍സറിന് ഇടയാക്കുന്നതും ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കുന്നതുമായ വിവിധതരം രാസവസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളിലുണ്ടെന്നാണ് കേന്ദ്ര ഭക്ഷമന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കീടനാശിനികളുടെ അമിതോപയോഗത്തോടൊപ്പം നിരോധിച്ച പല കീടനാശിനികളുടെ വ്യാപകമായ പ്രയോഗവും വ്യക്തമായിട്ടുണ്ട്.

ജൈവ ഉല്‍പ്പന്നങ്ങളെന്ന ലേബലില്‍ വിപണിയിലെത്തുന്ന ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പാല്‍, സുഖന്ധവ്യഞ്ജനങ്ങള്‍, അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, തേയില എന്നിവയുടെ സാംപിളുകളാണ് പരിശോധിച്ചത്. കര്‍ഷകരില്‍ നിന്നും വില്‍പ്പനകേന്ദ്രങ്ങളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു.

തിരഞ്ഞെടുത്ത 25 ലാബുകളിലായാണ് പരിശോധന നടന്നത്. 20,618 സാംപിളുകള്‍ പരിശോധിച്ചതില്‍ 3,857 എണ്ണത്തില്‍ അപകടകരമാംവിധം രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

പരിശോധാന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പരിശോധനകള്‍ കര്‍ശനമാക്കാനും കര്‍ഷകര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

Top