ബ്രിട്ടനില്‍ ‘അടിമ’കള്‍ 13,000 കവിഞ്ഞു

ലണ്ടന്‍: ബ്രിട്ടനില്‍ അടിമകളുടെ എണ്ണം 13,000ത്തോളമെത്തിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ആധുനിക അടിമകളെന്നു വിശേഷിപ്പിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറിരട്ടിയായെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്.

നിര്‍ബന്ധിത വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍, തൊഴിലിടങ്ങളിലും വീടുകളിലും നിര്‍ബന്ധിത ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് ആധുനിക അടിമകളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2013ലാണ് ആധുനിക അടിമത്വത്തെകുറിച്ച് ഔദ്യോഗികകണക്കുകള്‍ ബ്രിട്ടന്‍ നാഷനല്‍ ക്രൈം ഏജന്‍സി സെന്റര്‍ പുറത്തുവിട്ടത്. അന്ന് 2,274 പേരാണ് ഈ ഗണത്തില്‍പ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുപ്രകാരം ഇത് 10,000നും 13,000നും ഇടയിലാണ്. മനുഷ്യക്കടത്തിലൂടെയാണ് ഇവരില്‍ ഭൂരിപക്ഷവും രാജ്യത്തെത്തിയിരിക്കുന്നത്. പ്രധാനമായും അല്‍ബേനിയ, റുമേനിയ, നൈജീരിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുമാണ് ആളുകളെ എത്തിച്ചിട്ടുള്ളത്. കൗമാരക്കാരും കുട്ടികളുമടക്കമുള്ള ബ്രിട്ടിഷ് പൗരന്‍മാരുമുണ്ട്.

അതേസമയം, പ്രശ്‌നത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ ഊര്‍ജിതശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അടിമത്തം അവസാനിപ്പിക്കുന്നതിന് ആധുനിക അടിമത്ത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് മാനവശേഷിമന്ത്രി കാരെന്‍ ബ്രാഡ്‌ലി വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു.

Top