ബ്രാന്‍ഡഡ് ഫോണുകളെ വെല്ലുവിളിക്കാന്‍ ഓപ്പോ നിയോ 5 വിപണിയിലെത്തി

ഓപ്പോ അടുത്തിടെ വിപണിയിലെത്തിച്ച ബഡ്ജറ്റ് സ്മാര്‍ട് ഫോണാണ് നിയോ 5. സ്മാര്‍ട് ഫോണില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ഈ 3ജി ഫോണ്‍ കരുതിവച്ചിട്ടുണ്ട്. വില 9,990 രൂപ. സ്‌ളിം മെറ്റാലിക് ബോഡി രൂപകല്പനയില്‍ മികവു പുലര്‍ത്തുന്നു. 4.5 ഇഞ്ച്, 219 പി.പി.ഐ ഡിസ്പ്‌ളേ മികച്ച കാഴ്ചാനുഭവവും നല്‍കും. സ്‌ക്രീനിന്റെ സുരക്ഷയ്ക്കായി സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡ്രാഗണ്‍ ട്രെയില്‍ ഗ്‌ളാസ് ഘടിപ്പിച്ചിരിക്കുന്നു. പിന്നിലെ 8 എം.പി ക്യാമറ ഭേദപ്പെട്ട റിസള്‍ട്ട് തരും. എല്‍.ഇ.ഡി ഫ്‌ളാഷുണ്ട്. പനോരമ ഉള്‍പ്പെടെ ക്യാമറ ഫീച്ചറുകളുമുണ്ട്. മുന്നില്‍ രണ്ട് എം.പി ക്യാമറയാണുള്ളത്.

ഡ്യുവല്‍ സിമ്മില്‍ ഒന്നു മിനിയും മറ്റൊന്ന് മൈക്രോയുമാണ്. ഇന്‍ബില്‍റ്റായി എട്ട് ജിബി മെമ്മറിയുണ്ട്. എസ്.ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താം. നോണ്‍ റിമൂവബിള്‍ 2000 എം.എ.എച്ച് ബാറ്ററി മുഴുവന്‍ സമയ ഡാറ്റാ ഉപയോഗത്തിലും മികച്ച ബാക്കപ്പ് നല്‍കും. ഫോണിന്റെ സൗണ്ട് ക്‌ളാരിറ്റിയും ശ്രദ്ധേയം. 1.3 ജിഗാ ഹെട്‌സ് പ്രൊസസറിന് ഒരു ജിബി റാമാണ് സപ്പോര്‍ട്ട് നല്‍കുന്നതെന്നത് പോരായ്മയാണ്. ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റില്‍ അധിഷ്ഠിതമായ കളര്‍ ഒ.എസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്റെ വില നോക്കുമ്പോള്‍ ലോലിപ്പോപ്പ് വേണ്ടതാണെന്ന് തോന്നാം 4ജിയുമില്ല.

എങ്കിലും, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ നിയോ 5 വൈ ഫൈ, ബ്‌ളൂടൂത്ത് 4.0, എഫ്.എം റേഡിയോ, ജി.പി.എസ്., ആക്‌സെലെറോ മീറ്റര്‍, സെന്‍സറുകള്‍, കളര്‍ തീമുകള്‍, സെക്യൂരിറ്റി സെന്റര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ്. സാംസംഗിനോടും മറ്റ് എതിരാളികളോടും മത്‌സരിക്കാന്‍ ഓപ്പോ നിയോ 5ന് ഈ ഗുണങ്ങള്‍ ധാരാളം.

Top