ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള ചൈനീസ് അണക്കെട്ട് ഇന്ത്യയ്ക്ക് ഭീഷണിയാകുന്നു

ബീജിംഗ്: ഇന്ത്യയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തി ബ്രഹ്മപുത്ര നദിയില്‍ ചൈനയുടെ പുതിയ അണക്കെട്ട്. ടിബറ്റില്‍ യാര്‍ലുങ് സാങ്‌ബോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് ചൈനയുടെ അണക്കെട്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പദ്ധതി കാരണമാകും എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

യാര്‍ലുങ് സാങ്‌ബോ നദിയിലെ ജല വൈദ്യുതപദ്ധതി പൂത്തിയാകുന്നതോടെ വൈദ്യുതി ക്ഷാമത്തിന് അറുതിയാകും എന്നാണ് ചൈനയുടെ അവകാശവാദം. ടിബറ്റിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ഭാഗികമായി പൂര്‍ത്തിയാക്കിയെന്ന് ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ അതിബൃഹത്തായ നാല് അണക്കെട്ടുകള്‍ കൂടി ബ്രഹ്മപുത്രയ്ക്ക് കുറുകേ നിര്‍മ്മിക്കാന്‍ ചൈന ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞാണ് 1.5 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന വന്‍ പദ്ധതിയാണെന്ന് ഇന്ത്യയ്ക്ക് മനസ്സിലായത്. അരുണാചല്‍ പ്രദേശുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നീരൊഴുക്കിനെയും ഇത് സാരമായി ബാധിക്കും. ഇത് പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകും. താരതമ്യേന വ്യവസായങ്ങള്‍ കുറഞ്ഞ ടിബറ്റില്‍ വൈദ്യുതാവശ്യങ്ങളുടെ പേരില്‍ ഇത്തരം പദ്ധതികളുമായി ചൈന രംഗത്തെത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top