ബോളിവുഡ് നടി രാധികാ ആപ്‌തെ രജനികാന്തിന്റെ നായികയാകുന്നു

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയായി ബോളിവുഡ് നടി രാധികാ ആപ്‌തെ എത്തുന്നു. നേരത്തെ വിദ്യാബാലന്‍ അടക്കമുള്ള താരങ്ങളെ ഈ സിനിമയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ രാധികയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഞ്ജിത്ത് ഒരുക്കുന്ന പുതിയ സിനിമയ്ക്ക് പേരിട്ടിട്ടില്ല. എന്നാല്‍ കാളി എന്ന പേരു നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മലേഷ്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം രാധികയും സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായെന്നും ഇനി കരാറൊപ്പിടുന്നത് മാത്രമാണ് ശേഷിക്കുന്നതെന്ന് രാധികയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ചിത്രത്തില്‍ ഒരു ഗാങ്സ്റ്ററുടെ വേഷമാണ് രജനിക്കെന്നാണ് സൂചന. ഗാങ്സ്റ്ററുടെ വേഷത്തില്‍ എത്തുന്ന രജനി, തമിഴ് പ്രേക്ഷകര്‍ക്ക് ആഹ്‌ളാദിക്കാനുള്ള കഥാപാത്രത്തെ ആയിരിക്കും നല്‍കുകയെന്നും പ്രതീക്ഷിക്കുന്നു.

കാര്‍ത്തിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ മദ്രാസ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഈചിത്രത്തെ രജനീകാന്തും പ്രശംസിച്ചിരുന്നതാണ്. പുതിയ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങാനാണ് ആലോചന.

Top