ബോളിവുഡ് താരം തബു വിവാഹിതയാകുന്നു

ബോളിവുഡ് താരം തബു വിവാഹിതയാകുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ തബു തീരുമാനമെടുത്തത് നാല്പത്തിനാലാം വയസില്‍. എന്തുകൊണ്ട് വിവാഹം ഇത്രയും വൈകിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ തബുവിന് മടിയൊന്നുമില്ല.

സിനിമക്കാരുടെ തന്ത്രപരമായ ഒഴിഞ്ഞുമാറലോ ‘ഇപ്പോഴാണ് സമയമായത് എന്നു തോന്നുന്നു’ തുടങ്ങിയ ഉഴപ്പന്‍ മറുപടിയോ ഒന്നുമല്ല തബുവില്‍ നിന്നുണ്ടായത്. അവര്‍ തുറന്നു പറയുന്നു; പ്രണയനൈരാശ്യം തന്നെയത്രേ വിവാഹം വൈകിയതിനുള്ള കാരണം.

1982 ല്‍ ‘ബസാര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച തബുവിന് കൂടുതല്‍ വേഷങ്ങള്‍ ലഭിച്ചത് തെലുങ്ക് ചിത്രങ്ങളിലായിരുന്നു. തെലുങ്കിലെ ആ പൂക്കാലത്ത് മൊട്ടിട്ട പ്രണയമാണ് തബുവിനെ ഊരാക്കുടുക്കിലാക്കിയത്.

തെലുങ്കിലെ ഒരു സൂപ്പര്‍ ഹീറോ ആയിരുന്നു പ്രണയനായകന്‍. പിന്നീടെപ്പോഴോ സാധാരണ സെലിബ്രിറ്റികളുടെ പ്രണയകഥയിലേത് പോലെ തന്നെ ഈ ബന്ധവും ഒരു ദുരന്ത ക്ലൈമാക്‌സിലാണ് എത്തിച്ചേര്‍ന്നത്.

എന്നാല്‍ മറ്റെല്ലാ നടിമാരെയും പോലെ തന്റെ പ്രിയപ്പെട്ടവനെ പെട്ടെന്നങ്ങ് മറക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കടുത്ത നിരാശയിലായ തബു തനിക്കിനി ഒരു വിവാഹജീവിതം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഈ വൈകിയ വേളയില്‍ എന്തുകൊണ്ടാണ് തബുവിന് മനം മാററമുണ്ടായതെന്നതിന്റെ കാരണം വ്യക്തമല്ല. ഒരു ബിസിനസുകാരനാണ് തബുവിന്റെ കടുത്ത തീരുമാനത്തെ കാറ്റില്‍ പറത്തിയ മിടുമിടുക്കന്‍. വിവാഹം സംബന്ധിച്ച് ഔദ്യോഗിക വാര്‍ത്തകള്‍ ഉടന്‍ പുറത്തു വരുമെന്ന് കേള്‍ക്കുന്നു.

കാലാപാനി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് തബു. പിന്നീട് കവര്‍‌സ്റ്റോറി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളില്‍ നായികയായും ഉറുമിയില്‍ അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു ഇവര്‍.

Top