ബോളിങ് മികവില്‍ ഡല്‍ഹിക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി ; നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ പേസര്‍ സഹീര്‍ ഖാന്റെ ബോളിങ് മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റു നഷ്ടത്തില്‍ 118 റണ്‍സെടുത്തു. എന്നാല്‍ കുറഞ്ഞ സ്‌കോര്‍ മുന്നില്‍ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (പുറത്താകാതെ 52) ശ്രേയസ് അയ്യരും (54) ചേര്‍ന്നാണ് ഡല്‍ഹിയുടെ വിജയം എളുപ്പമാക്കിയത്. അഞ്ചു റണ്‍സെടുത്ത സൗരഭ് തിവാരി പുറത്താകാതെ നിന്നു.

ആദ്യ നാല് ഓവറില്‍ തന്നെ പഞ്ചാബിനു നാലു വിക്കറ്റ് നഷ്ടമായിരുന്നു. സെവാഗ് (1), ഷോണ്‍ മാര്‍ഷ് (5), വൊഹ്‌റ(1), വൃദ്ധിമാന്‍ സാഹ (3) എന്നിവരാണ് ആദ്യം പുറത്തായത്. പഞ്ചാബിനു വേണ്ടി 42 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ മാത്രമാണ് തിളങ്ങിയത്. നായകന്‍ ബെയ്!ലി (18), അക്ഷര്‍ പട്ടേല്‍ (22) എന്നിവരാണ് സ്‌കോര്‍ രണ്ടക്കം കടത്തിയ മറ്റുള്ളവര്‍. ഡല്‍ഹിക്കായി കോട്‌ലര്‍ നൈല്‍ മൂന്നും സഹീര്‍ ഖാന്‍, ഏഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Top