ബീഹാറില്‍ പ്രധാനവകുപ്പുകള്‍ ലക്ഷ്യമിട്ട് ലാലു; ഇനി അടുത്ത പോരാട്ടം യു.പിയില്‍

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കോമാളി എന്നു വിളിച്ച് കളിയാക്കിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വിരല്‍ തുമ്പില്‍ ഇനി ബീഹാര്‍ ഭരണം.

നിതീഷിനെ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോഴും ലാലു ലക്ഷ്യമിടുന്നത് മുമ്പ് ഭാര്യയെ മുഖ്യമന്ത്രിയാക്കി ‘പിന്‍സീറ്റ് ഡ്രൈവ്’ നടത്തിയതുപോലെ മകനെ ഉപമുഖ്യമന്ത്രിയാക്കി ഭരണത്തിലിടപെടാനാണ്.

ലാലുവിന്റെ രണ്ട് മക്കളില്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. ആഭ്യന്തര, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകളും ലാലു ലക്ഷ്യമിടുന്നുണ്ട്. ഇതിന് നിതീഷ്‌കുമാറും ജെഡിയുവും എത്രമാത്രം വഴങ്ങുമെന്നാണ് ഇനി അറിയാനുള്ളത്.

കോടികള്‍ വാരിയെറിഞ്ഞും എല്ലാവിധ ഹൈടെക് പ്രചരണത്തോടൊപ്പം വര്‍ഗീയതയും ആളിക്കത്തിച്ചിട്ടും ബീഹാറില്‍ മോഡിക്കും അമിത്ഷാക്കും താമര വിരിയിക്കാനാവാതിരുന്നത് നിതീഷ് കുമാറിന്റെ പ്രതിച്ഛായക്കൊപ്പം ലാലുവിന്റെ ചാണക്യ തന്ത്രങ്ങളും മൂലമായിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ നരഭോജി എന്നു വിളിച്ച് കടന്നാക്രമിച്ചാണ് ലാലു മഹാസഖ്യത്തിന്റെ പ്രചരണം നയിച്ചത്. മോഡിയെയും അമിത് ഷായെയും കടന്നാക്രമിച്ച ലാലു ബീഹാറിന്റെ ഗ്രാമീണമേഖലകള്‍ കീഴടക്കി.

1990-ല്‍ എല്‍.കെ അധ്വാനിയുടെ രഥയാത്ര ബീഹാറില്‍ തടയാന്‍ ചങ്കൂറ്റം കാട്ടിയ ലാലുവിനെ മുസ്ലീം ന്യൂനപക്ഷങ്ങളും യാദവരും പിന്തുണക്കുകയായിരുന്നു. മത്സരിച്ച 101 സീറ്റില്‍ 80-ലും വിജയിച്ച ലാലുവിന്റെ ആര്‍ജെഡി ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വലിയ കക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നല്‍കി രാഷ്ട്രീയ മര്യാദയുടെ വലിയപാഠവും ലാലു ഇന്ത്യന്‍ രാഷ്ട്രീയത്തിന് പകര്‍ന്നു നല്‍കി.

ബീഹാറിന്റെ മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രിയുമെല്ലാം ആയിരുന്നപ്പോഴും ബീഹാറിലെ ഗ്രാമീണര്‍ക്ക് അവരിലൊരാളായിരുന്നു ലാലു. രാവിലെ എരുമയെക്കുളിപ്പിച്ച് പാല്‍കറന്ന് നിലത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്ന നേതാവ്.

മോഡിയും അമിത് ഷായും റാലികള്‍ നടത്തി കാടിളക്കി നടത്തിയ പ്രചരണത്തെ തകര്‍ത്തത് ബീഹാറിന്റെ മനസറിഞ്ഞ ലാലുവിന്റെ നീക്കങ്ങളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 22 സീറ്റിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലുമാണ് ലാലുവിന്റെ ആര്‍ജെഡി വിജയിച്ചത്. അവിടെനിന്നാണ് ഈ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.

കൊട്ടിഘോഷിച്ച് പ്രചരണം നടത്തിയ മോഡിയും അമിത്ഷായും ഈ തിരിച്ചുവരവിന്റെ രാഷ്ട്രീയം ഇനി ലാലുവില്‍ നിന്നു പഠിക്കേണ്ട ഗതികേടിലാണ്. മോഡിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തലുമായി ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പോവുകയാണെന്ന ലാലുവിന്റെ വാക്കുകളാണ് ബിജെപി നേതൃത്വത്തിന്റെ ഉറക്കംകെടുത്തുന്നത്.

അയല്‍ സംസ്ഥാനമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലാലു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിഗ് ബിജെപി വിരുദ്ധ പ്രചരണത്തിന് ലാലുവും നതീഷും എത്തുമെന്ന പ്രതീക്ഷയിലാണ്.

Top