ബീഹാറിലെ വിജയം കെജ്‌രിവാളിനും സ്വന്തം; ദേശീയ തലത്തില്‍ ഇനി പുതിയ കൂട്ടുകെട്ട്

ന്യൂഡല്‍ഹി: ബീഹാറില്‍ ബിജെപി സഖ്യത്തെ തരിപ്പണമാക്കി ചരിത്ര മുന്നേറ്റം നടത്തിയ നിതീഷ് കുമാറിന്റെ വിജയത്തിന് പിന്നില്‍ കെജ്‌രിവാളും.

ഡല്‍ഹി നിവാസികളില്‍ ബഹുഭൂരിപക്ഷം വരുന്ന ബീഹാറികളുടെ പിന്തുണ ആര്‍ജ്ജിച്ച ആം ആദ്മി പാര്‍ട്ടി പരസ്യമായി ബീഹാറില്‍ നിതീഷ്‌കുമാറിന്റെ സഖ്യത്തെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ നിതീഷിന്റെ വിജയം രാജ്യത്തിന് ഇപ്പോള്‍ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരുന്നു.

ഡല്‍ഹിയിലെ ബീഹാറികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം വോട്ടുകള്‍ ബീഹാറില്‍ മഹാസഖ്യത്തിന് ഉറപ്പുവരുത്താന്‍ ആം ആദ്മി വോളണ്ടിയര്‍മാരും ക്യാമ്പയിന്‍ നടത്തി സജീവമായി അണിയറയിലുണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ തിളക്കത്തിന് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മങ്ങലേല്‍പ്പിച്ച കെജ്‌രിവാളും ഇപ്പോള്‍ മോദി സര്‍ക്കാരിനെ പ്രഹരിച്ച നിതീഷ്‌കുമാറും കൈകോര്‍ക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധ ബദലിനുള്ള സാധ്യതയാണ് വഴി തുറക്കുന്നത്.

ഇടതുപാര്‍ട്ടികളെയും മതേതര പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി ബിജെപിക്ക് ബദലാവാനുള്ള നീക്കം ഇരു നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നത്.

കോണ്‍ഗ്രസ്സിനോടുള്ള കെജ്‌രിവാളിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങളല്ല നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുക എന്നത് സമാജ്‌വാദി പാര്‍ട്ടിക്കും വെല്ലുവിളിയാണ്.

ബിജെപി വിരുദ്ധരുടെ പിന്തുണ വിജയം ആവര്‍ത്തിക്കാന്‍ ഇവിടെ മുലായംസിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് അനിവാര്യമാണ്.

യുപിയിലും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയിലും മുന്നണിയിലും നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നേറ്റം ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്.

കേന്ദ്രസര്‍ക്കാരുമായി ഡല്‍ഹി പോലീസിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിരന്തരം ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി കെജ്‌രിവാളിന് സംസ്ഥാന വിജിലന്‍സ് വിഭാഗത്തിലേക്കുള്ള ഡെപ്യൂട്ടേഷനില്‍ പോലീസ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കിയ നിതീഷ്‌കുമാറിന്റെ നടപടിയാണ് ഇരുവരുടെയും സൗഹൃദം പുതിയ തലത്തിലെത്തിച്ചത്.

കെജ്‌രിവാളിന്റെ പിന്തുണ മധ്യവര്‍ഗത്തിനിടയിലും സാധാരണക്കാര്‍ക്കിടയിലും മഹാസഖ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top